8.84 ലക്ഷത്തിന്‍റെ ബൈക്ക് സ്വന്തമാക്കി ജോജു ജോര്‍ജ്!

Published : Jan 01, 2021, 03:06 PM ISTUpdated : Jan 01, 2021, 03:09 PM IST
8.84 ലക്ഷത്തിന്‍റെ ബൈക്ക് സ്വന്തമാക്കി ജോജു ജോര്‍ജ്!

Synopsis

8.84 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ എക്‌സ്-ഷോറൂം വില

മലയാള സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയ മനുഷ്യനാണ് ജോജു ജോര്‍ജ്ജ്. ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ വിജയത്തിന്‍റെ കൊടുമുടിയിലേക്ക് നടന്നുകയറി ഇന്ന് നടനായും നിര്‍മാതാവായുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരം. കടുത്ത വാഹന പ്രേമികൂടിയായ ജോജുവിന്റെ ഗാരേജിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. 

ഐക്കണിക്ക് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസിന്‍റെ സ്‍ട്രീറ്റ് ട്രിപ്പിൾ ആർ എന്ന കിടിലന്‍ സൂപ്പര്‍ ബൈക്കാണ് ആ പുതുമുഖം. 

ഈ മോഡലിനെ 2020 ആഗസ്റ്റിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. സ്‍ട്രീറ്റ് ട്രിപ്പിൾ ആർ‌എസ് മോഡലിന്റെ ചെറുപതിപ്പായ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആറിന് 8.84 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ്സിനേക്കാൾ 2.49 ലക്ഷം രൂപ കുറവാണ് പുത്തൻ ആർ മോഡലിന്. സഫയർ ബ്ലാക്ക്, മാറ്റ് സിൽവർ ഐസ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യയിൽ വില്‍പ്പനയില്‍ ഇല്ലാത്ത സ്‍ട്രീറ്റ് ട്രിപ്പിൾ എസിനും അടുത്തിടെ അവതരിപ്പിച്ച ആർഎസിനും ഇടയിലാണ് സ്‍ട്രീറ്റ് ട്രിപ്പിൾ ആറിന്‍റെ സ്ഥാനം. അപ്പ്-ഡൗൺ ക്വിക്ക്ഷിഫ്റ്റർ, പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ സസ്‌പെൻഷൻ, മുൻപിൽ ബ്രെമ്പോ M4.32 ബ്രെയ്ക്ക് കാലിഫറുകൾ, പിറെല്ലി ഡയാബ്ലോ റോസ്സോ III ടയറുകൾ തുടങ്ങിയ പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ പ്രധാന ഫീച്ചറുകൾ ആർ മോഡലിലും ഇടം പിടിച്ചിട്ടുണ്ട്.

ആർഎസ് മോഡലിലെ 765 സിസി എൻജിൻ തന്നെയാണ് പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ആർ മോഡലിന്‍റെ ഹൃദയവും. പക്ഷെ ഔട്ട്പുട്ടിൽ മാറ്റമുണ്ടാകും. ആർ മോഡലിന്റെ 118 എച്ച്പി പവറും, 77 എൻഎം ടോർക്കും ആർഎസ് മോഡലിനേക്കാൾ 5 എച്ച്പി, 2 എൻഎം കുറവാണ്. അതേസമയം ആർഎസ് മോഡലിനേക്കാൾ രണ്ട് റൈഡിങ് മോഡുകൾ ആർ മോഡലിൽ കുറവാണ്. മാത്രമല്ല ടിഎഫ്ടി ഡാഷ്‌ബോർഡ് പോലുള്ള ആർഎസ്സിലെ ചില ഫീച്ചറുകൾ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിൾ ആറിന്റെ വരവ്.

ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ