അണുക്കളേ വിട, റോബോട്ടുകള്‍ ഇനി ഇന്ത്യന്‍ വിമാനങ്ങളും തൂത്തുതുടയ്ക്കും!

By Web TeamFirst Published Jan 12, 2021, 11:35 AM IST
Highlights

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ സംവിധാനം. ലോകത്തെ തന്നെ ഏറ്റവും മികച്ച അണുനശീകരണ സംവിധാനമാണിത്. 

ഇന്ത്യന്‍ വിമാനങ്ങളെയും ഇനി റോബോട്ടുകള്‍ അണുവിമുക്തമാക്കും. ഇതിനായി യുവി ഡിസ് ഇൻഫെക്ഷൻ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അണുവിമുക്തമാക്കിയതായി ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി വിമാനത്താവളത്തിൽ ബോയിംഗ് 737-800 വിമാനമാണ് ഈ സംവിധാനം ഉപയോഗിച്ച് കഴിഞ്ഞദിവസം അണുവിമുക്തമാക്കിയത്. വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യുകയായിരുന്നു. 

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ സംവിധാനമെന്നും അണുനശീകരണ പ്രവൃത്തികൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പശ്ചാത്തലത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 

ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഏജൻസിയായ എയർ ഇന്ത്യ സാറ്റ്സുമായി ചേർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും സ്പർശിക്കാൻ സാധ്യതയുള്ള പ്രതലഭാഗങ്ങളെ അണുവിമുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സീറ്റുകൾ, സമീപ ഭാഗങ്ങൾ, സീലിങ് ഭാഗം, വിൻഡോ പാനലുകൾ, കോക്പീറ്റ് ഇൻസ്ട്രുമെന്റേഷൻ ഏരിയ, സ്വിച്ച് പാനൽ എന്നിവയെല്ലാം റോബോട്ടിന്‍റെ യന്ത്രക്കൈകള്‍ അണുവിമുക്തമാക്കും. 

യുവി ഡിസ് ഇൻഫെക്ഷൻ ലാമ്പിങ് ലോകത്തെ തന്നെ ഏറ്റവും മികച്ച അണുനശീകരണ സംവിധാനമായാണ് കണക്കാക്കപ്പെടുന്നത്. ഇവ പ്രതലത്തിൽ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് (എൻഎബിഎൽ) തന്നെ അംഗീകരിച്ചതാണ്. 

Image Courtesy: ANI
 

click me!