കൊടുംഭീകരനും കാറും നിമിഷങ്ങള്‍ക്കകം ചാരം, അതും ജനമധ്യത്തില്‍, ഇതായിരുന്നു ആ യുദ്ധതന്ത്രം!

Web Desk   | others
Published : Oct 01, 2021, 10:16 PM IST
കൊടുംഭീകരനും കാറും നിമിഷങ്ങള്‍ക്കകം ചാരം, അതും ജനമധ്യത്തില്‍, ഇതായിരുന്നു ആ യുദ്ധതന്ത്രം!

Synopsis

ആക്രണണത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കരിഞ്ഞുപോയ ലോഹക്കൂട്ടം മാത്രമാണ് ഈ കാര്‍. 

കാറില്‍ സഞ്ചരിക്കുന്നതിനിടെ മുതിർന്ന അൽ ഖായിദ (Al Qaeda ) നേതാവിനെ വധിച്ച് അമേരിക്ക. കൊല്ലപ്പെട്ട  ഭീകരനെ തിരിച്ചറിഞ്ഞ യുഎസ് (US) പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ ജീവന് യാതൊരുവിധ അപകടവും സംഭവിക്കാതെയാണ് സലിം അബു അഹമ്മദ് (Salim Abu-Ahmad) എന്ന അൽ ഖായിദ (Al Qaeda ) നേതാവിനെ വധിച്ചതെന്ന് യുഎസ് പ്രതിരോധവൃത്തമായ പെന്റഗൺ (Pentagon) അറിയിച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിറിയയിലെ ( Syria) ഇദ്‌ലിബ് പ്രവിശ്യയിൽ (Idlib Province) നടത്തിയ ഡ്രോൺ ആക്രമണത്തിലാണു സലിം കൊല്ലപ്പെട്ടത്.  ഇദ്‌ലിബിലെ റോഡിലൂടെ സലിം സഞ്ചരിച്ചിരുന്ന വാഹനം ഡ്രോൺ ഉപയോഗിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. സിറിയയിലെ അൽ ഖായിദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ ഭീകര നേതാവാണു സലിം അബു അഹമ്മദ്. പലപ്പോഴും ആക്രമണങ്ങൾക്ക് ഫണ്ട് ഒരുക്കുന്നതും ഇയാളാണ്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആക്രമണത്തിൽ പൊതുജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും പെന്റഗൺ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

"ഞങ്ങൾ ലക്ഷ്യമിട്ട വ്യക്തിയെ ഞങ്ങൾ ആക്രമിച്ചിരിക്കുന്നു. ഇതുകാരണം സാധാരണക്കാര്‍ക്ക് നാശനഷ്‍ടങ്ങളൊന്നും ഉണ്ടായിട്ടില്ല.."  നേവി ലഫ്. ജോസി ലിന്നി ലെന്നി പ്രസ്‍താവനയിൽ പറഞ്ഞു. ഭീകരസംഘടനയുമായി ബന്ധമുള്ള തീവ്രവാദിയായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്ന സലിം അബു അഹമ്മദെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സും സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് അൽ ഖ്വയിദയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ധനസഹായം നൽകുന്നതിനും അംഗീകാരം നൽകുന്നതിനും ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന നേതാവാണ് അബു-അഹമ്മദ് എന്ന് സംശയിക്കുന്നതായി ഫോക്സ് ന്യൂസിനെ ഉദ്ധരിച്ച ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രണണത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കരിഞ്ഞുപോയ ലോഹക്കൂട്ടം മാത്രമാണ് ഈ കാര്‍. 

ഭീകരരെ അമർച്ച ചെയ്യാനായി ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കാനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പദ്ധതി ശക്തമാണെന്നു സൂചിപ്പിക്കുന്നതാണ് പുതിയ സംഭവം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇദ്‌ലിബിൽ നേരത്തെ മുതൽ തന്നെ ആക്രമണങ്ങൾക്കായി ഡ്രോണുകൾ യുഎസ് സൈന്യം ഉപയോഗിക്കുന്നുണ്ട്.

സിറിയയിൽ വിമത പ്രദേശങ്ങളായ ഇദ്‌ലിബിലും അലെപ്പോയിലും അൽ ഖായിദയുടെയും അനുബന്ധ സംഘടനയായ ഹയാറ്റ് തഹ്‌രീർ അൽ ഷാമിന്റെയും സാന്നിധ്യം ശക്തമാണ്. 40 ലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു. തുടർച്ചയായി നടക്കുന്ന സംഘട്ടനങ്ങളും പ്രക്ഷോഭങ്ങളും മൂലം ഇവരിൽ പലരും കുടിയൊഴിഞ്ഞു പോകുന്നുണ്ട്. സിറിയൻ സർക്കാർ സേന, യുഎസ്, റഷ്യ, രാജ്യാന്തര സഖ്യസേനകൾ തുടങ്ങിയവർ ഒരുമിച്ചാണ് ഭീകരർക്കെതിരെ ഇവിടെ പോരാടുന്നത്.

കിഴക്കൻ സിറിയയിൽ നിന്ന് പലായനം ചെയ്‍ത ഐസിസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിലേക്ക് നയിച്ച പോരാട്ടം നടന്ന സ്ഥലം കൂടിയാണ് ഇദ്‌ലിബ് പ്രവിശ്യ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ