ഓര്‍ഡര്‍ ഡെലിവറിക്ക് വണ്ടി വേണം; വമ്പന്‍ ഓര്‍ഡര്‍ നല്‍കി ആമസോണ്‍!

By Web TeamFirst Published Sep 5, 2020, 4:29 PM IST
Highlights

2040 ആകുന്നതോടെ കാർബൺ ന്യൂട്രൽ ബിസിനസായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോൺ ഇത്രയധികം വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളെ കൂട്ടുപിടിക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍ ഒരുങ്ങുന്നതായി കേട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ ആമസോൺ ഡോട്ട് കോം മെഴ്സീഡിസ് ബെൻസിൽ നിന്ന് 1,800 വൈദ്യുത വാൻ വാങ്ങുമെന്നാണ് പുതി റിപ്പോർട്ട്.

യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിക്കാനായിട്ടാണ് ഇത്രയും വാഹനങ്ങള്‍ ആമസോണ്‍ വാങ്ങുന്നത്. 2040 ആകുന്നതോടെ കാർബൺ ന്യൂട്രൽ ബിസിനസായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോൺ ഇത്രയധികം വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിപ്പമേറിയ ഇ സ്പ്രിന്റർ 1,200 എണ്ണവും ഇടത്തരം വിഭാഗത്തിൽപെട്ട ഇ വിറ്റോസ് 600 എണ്ണവുമാണ് ആമസോൺ വാങ്ങുന്നത്. ജർമൻ നിർമാതാക്കളായ ഡെയ്മ്‌ലർ എ ജിയുടെ കാർ – വാൻ വിഭാഗമായ മെഴ്സീഡിസ് ബെൻസിൽ നിന്നുള്ള വാഹനങ്ങൾ ഇക്കൊല്ലം തന്നെ സർവീസിനെത്തുമെന്നാണു സൂചന.

കൂടാതെ, ഒരു ലക്ഷം വൈദ്യുത ഡെലിവറി വാനുകൾ സ്റ്റാർട് അപ് സംരംഭമായ റിവിയൻ ഓട്ടമോട്ടീവ് എൽ എൽ സിയിൽ നിന്നും വാങ്ങാനും ആമസോൺ തീരുമാനിച്ചിട്ടുണ്ട്. ആമസോണിനു കൂടി നിക്ഷേപമുള്ള സംരംഭമാണു റിവിയൻ ഓട്ടമോട്ടീവ്. മെഴ്സീഡിസ് ബെൻസിന്റെ വൈദ്യുത വാഹന വിഭാഗത്തിൽ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിത്. ഇതിൽ എണ്ണൂറോളം വാഹനങ്ങൾ ജർമനിയിൽ 500 എണ്ണം ഇംഗ്ലണ്ടിലും ലഭ്യമാക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇ-വാനുകള്‍ വാങ്ങുന്ന വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. 2030-ഓടെ ത്രീ വീലറും ഫോര്‍ വീലറും ഉള്‍പ്പെടെ ഒരുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതുവഴി പ്രതിവര്‍ഷം നാല് മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

2019ല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ ആമസോണിന് ഉള്ളത്. 

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായി കഴിഞ്ഞ വര്‍ഷം ഏതാനും വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇവ ഈ വര്‍ഷം ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, നാഗ്പുര്‍, കോയമ്പത്തൂര്‍ എന്നി നഗരങ്ങളില്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!