സൂപ്പര്‍താരത്തിന്‍റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ആ ഇന്നോവ, എന്തതിശയമെന്ന് ജനം!

By Web TeamFirst Published Dec 19, 2020, 2:31 PM IST
Highlights

ഈ ഇന്നോവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍

ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പിനെ സ്വന്തമാക്കി ബോളീവുഡിന്‍റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍. കഴിഞ്ഞ മാസം ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡലാണ് ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തന്‍ അഥിതിയായി എത്തിയതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടൊയോട്ട ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ ബച്ചന് വാഹനം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍, ക്രിസ്റ്റയുടെ ഏത് വേരിയന്റാണ് അദ്ദേഹം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് മുഖം മിനുക്കിയ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ആഡംബര വാഹനങ്ങളുടെ നീണ്ട നിരയാണ് ബിഗ് ബിയുടെ ഗ്യാരേജിലുള്ളത്. മെഴ്‌സിഡീസ് ബെന്‍സ് എസ്-ക്ലാസ്, വി-ക്ലാസ്, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലെക്‌സസ് എല്‍.എക്‌സ്570, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, പോര്‍ഷെ കയേന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തിലെ പ്രമുഖര്‍. ഈ വാഹനങ്ങള്‍ക്കിടയിലേക്കാണ് താരതമ്യേന വിലകുറഞ്ഞ ഇന്നോവ എത്തുന്നത്. ഇതിന്‍റെ അതിശയത്തിലാണ് വാഹനലോകവും ബോളിവുഡും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്. ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

ആഡംബര അനുപാതം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും അകത്തളങ്ങള്‍ക്ക് പുതുകാഴ്ച നല്‍കുന്നതിനും ഇസഡ് എക്‌സ് ഗ്രേഡില്‍ ഒട്ടകത്തിന്റെ തവിട്ടുനിറമുള്ള പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുണ്ട്. കണക്ടറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഏറ്റവും പുതിയ ട്രെന്‍ഡിന് അനുസൃതമായിആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയോടു കൂടിയ പുതിയതും വലുതുമായ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോയും നവീകരിച്ച ഇന്നോവയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുക്കാവുന്ന ഘടകഭാഗങ്ങളായി തത്സമയ വാഹന ട്രാക്കിങ്, ജിയോഫെന്‍സിങ്, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ തുടങ്ങിയ വാഹന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ഇന്നോവ ക്രിസ്റ്റയില്‍ ഉപയോക്താക്കള്‍ക്ക് ഇനി ആസ്വദിക്കാം.

2.7 പെട്രോള്‍ എന്‍ജിനിലും 2.4 ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

click me!