അപ്രീലിയ ടുവാനോ 660 ഫിലിപ്പീന്‍സ് വിപണിയില്‍

By Web TeamFirst Published May 12, 2021, 11:02 AM IST
Highlights

8,20,000 പെസോ അഥവാ ഏകദേശം 12.61 ലക്ഷം ഇന്ത്യന്‍ രൂപയാണ് ബൈക്കിന്‍റെ വില 

ടുവാനോ 660 മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് ഇറ്റാലയിന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോയുടെ ഉപസ്ഥാപനം അപ്രീലിയ. 8,20,000 പെസോ അഥവാ ഏകദേശം 12.61 ലക്ഷം ഇന്ത്യന്‍ രൂപയാണ് ബൈക്കിന്‍റെ വിലയെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍ RS 660നെയാണ് ടുവാനോ പിന്തുടരുന്നത്. ഇതിന് ഫുള്‍ ഫെയറിംഗ് ലഭിക്കുന്നില്ലെങ്കിലും RS 660 പതിപ്പിന് സമാനമായ ഫുള്‍എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ ചെറിയ ഫെയറിംഗാണ് അവതരിപ്പിക്കുന്നത്.

660 സിസി, പാരലല്‍ട്വിന്‍, ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് അപ്രീലിയ ടുവാനോ 660 മോഡലിന്റെ ഹൃദയം.  270 ഡിഗ്രി ഫയറിംഗ് ഓര്‍ഡറും ബൈക്കിന്റെ പ്രത്യേകതയാണ്. RS660 സ്‌പോര്‍ട്‌സ് ബൈക്കിന്റെ അതേ എഞ്ചിനാണെങ്കിലും ചെറുതായി പരിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അപ്രീലിയ അവകാശപ്പെടുന്നു. RS മോഡലില്‍ എഞ്ചിന്‍ 100 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ ടുവാനോയ്ക്ക് 95 bhp പവറാണ് പരമാവധി വികസിപ്പിക്കാനാവുക.

ടുവാനോ 660 അതിന്റെ സ്വഭാവത്തിന് അനുസൃതമായി ഉയര്‍ത്തിയ സിംഗിള്‍പീസ് ഹാന്‍ഡില്‍ബാറുമായാണ് വരുന്നത്. മാത്രമല്ല, ഫെയറിംഗിന്റെ അഭാവം പരിഹരിക്കുന്നതിനായി മോട്ടോര്‍സൈക്കിളിന് ഒരു ചെറിയ വിന്‍ഡ്‌സ്‌ക്രീനും ഇറ്റാലിയന്‍ ബ്രാന്‍ഡ് സമ്മാനിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളിലെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളെ സംബന്ധിച്ചിടത്തോളം റൈഡ്‌ബൈവയര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, അഞ്ച് റൈഡ് മോഡുകള്‍ എന്നിവയെല്ലാമാണ് കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ടുവാനോ 660യില്‍ അപ്രീലിയ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്‍സെപ്റ്റ് ബ്ലാക്ക്, ഇറിഡിയം ഗ്രേ, ആസിഡ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ടുവാനോ 660 തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

ഇന്ത്യന്‍ വിപണി ഏറെ നാളായി കാത്തിരിക്കുന്ന മോഡലാണ് ടുവാനോ 660. ഈ വര്‍ഷം ഉത്സവ സീസണോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ട്രൈഡന്റ് 660, ഹോണ്ട CB650R എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായ പ്രീമിയം വില ശ്രേണിയിലായിരിക്കും അപ്രീലിയയുടെ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!