ഇ20 പെട്രോൾ വാഹനങ്ങളുടെ ഈ ഭാഗങ്ങൾക്ക് കേടുവരുത്തുമെന്ന് പഠനം

Published : Jul 08, 2026, 08:07 AM IST
ethanol blended petrol e20 petrol

Synopsis

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) നടത്തിയ പഠനത്തിൽ, ഇ20 പെട്രോൾ ഉപയോഗിക്കുന്നത് ഇ10 ഇന്ധനത്തിനായി രൂപകൽപന ചെയ്ത പഴയ വാഹനങ്ങളിലെ ചില റബ്ബർ ഘടകങ്ങളുടെ തേയ്മാനത്തിന് കാരണമായേക്കാമെന്ന് സൂചന.  

രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമായി ലഭ്യമായതോടെ പഴയ വാഹനങ്ങളുടെ ദീർഘകാല ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. 20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ ഇന്ധനത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിനിടെ പഴയ വാഹന ഉടമകളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) നടത്തി പഠനത്തിൽ ഇ10 ഇന്ധനത്തിനായി രൂപകൽപന ചെയ്ത വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നത് ഇന്ധന സംവിധാനത്തിലെ ചില റബ്ബർ ഘടകങ്ങളുടെ തേയ്മാനത്തിന് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗികമായി ഇതുവരെ പുറത്തുവിടാത്ത ഈ പഠനറിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ ടൈംസ് ഓഫ് ഇന്ത്യയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) നടത്തിയ പഠനത്തിൽ, 20 ശതമാനം എത്തനോൾ കലർന്ന ഇ20 ഇന്ധനം ചില പഴയ വാഹനങ്ങളിലെ റബ്ബർ ഘടകങ്ങളുടെ ആയുസ്സിനെ ബാധിച്ചേക്കാമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന പൈപ്പുകൾ, ഗാസ്‌കറ്റുകൾ, സീലുകൾ, ഒ-റിങ്ങുകൾ തുടങ്ങിയ ഭാഗങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കാൻ സാധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2025 ഏപ്രിൽ മുതൽ രാജ്യത്തുടനീളം ഇ20 പെട്രോൾ ലഭ്യമാക്കിയതിന് പിന്നാലെയാണ് ഈ പഠന റിപ്പോർട്ട് ശ്രദ്ധ നേടുന്നത്.

എല്ലാ വാഹനങ്ങൾക്കും ഒരേ ഫലമല്ല

 എആർഎഐയുടെ പരിശോധനയിൽ വ്യത്യസ്ത എൻജിനുകളിൽ ഇ20 പെട്രോളിന്റെ സ്വാധീനവും വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഒരു ബി.എസ്.-4 എൻജിൻ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, ഒരു ബി.എസ്.-6 ടർബോചാർജ്‍ഡ് എൻജിനിൽ 265 മണിക്കൂർ പരിശോധനയ്ക്കുശേഷം ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മറ്റൊരു വാഹന നിർമാതാവിന്റെ എൻജിനിൽ 809 മണിക്കൂർ പരിശോധനയ്ക്കുശേഷം എക്‌സ്‌ഹോസ്റ്റ് വാൽവിൽ തെർമോ-മെക്കാനിക്കൽ തകരാർ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ തകരാറിന് ഇ20 ഇന്ധനം മാത്രമല്ല, മറ്റ് സാങ്കേതിക ഘടകങ്ങളും കാരണമായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇരുചക്ര വാഹനങ്ങളിൽ മികച്ച പ്രകടനം

 മൂന്ന് പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കൾ നടത്തിയ പരിശോധനകളിൽ ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എൻജിൻ തകരാറുകളൊന്നും കണ്ടെത്തിയില്ല. ലോഹ ഭാഗങ്ങളിൽ പ്രതികൂലമായ മാറ്റങ്ങളോ മലിനീകരണ തോതിൽ നിയമപരിധി ലംഘിക്കുന്ന വർധനയോ ഉണ്ടായിട്ടില്ലെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാൽ ഇ10 പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

പഴയ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്

 2012-ന് മുമ്പ് നിർമിച്ച നിരവധി വാഹനങ്ങൾക്കും 2023 ഏപ്രിലിന് മുമ്പ് പുറത്തിറങ്ങിയ ചില മോഡലുകൾക്കും ഇ20 പെട്രോളുമായി പൂർണ അനുയോജ്യതയ്ക്കുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എത്തനോൾ കൂടുതൽ ഈർപ്പം ആഗിരണം ചെയ്യുന്നതിനാൽ, ദീർഘകാല ഉപയോഗത്തിൽ ഇന്ധന ടാങ്കിലും പൈപ്പുകളിലും നാശസാധ്യത വർധിക്കാമെന്നാണ് എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പഴയ വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക് ഘടകങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. അതേസമയം, ഇ20 എല്ലാ പഴയ വാഹനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കുമെന്ന് പഠനം പറയുന്നില്ലെന്നും, ചില ഘടകങ്ങളിൽ ദീർഘകാല തേയ്മാന സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്.

ആശങ്ക വേണ്ടെന്ന് വാഹന നിർമാതാക്കൾ

 അതേസമയം, ഇ20 പെട്രോൾ സുരക്ഷിതമാണെന്നാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെ നിലപാട്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികൾ വർഷങ്ങളായുള്ള ലാബ് പരിശോധനകൾക്കും പ്രായോഗിക പരീക്ഷണങ്ങൾക്കും ശേഷമാണ് ഇ20 ഇന്ധനത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിലെ പരിശോധനാ നടപടികൾ അന്താരാഷ്ട്ര യു.എൻ.ഇ.സി.ഇ. മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയതെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ കൺട്രി ഹെഡ് വിക്രം ഗുലാത്തി വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ലക്ഷ്യം ഇ85യും ഇ100യും

 എത്തനോൾ മിശ്രിതം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. ഭാവിയിൽ 85 ശതമാനവും 100 ശതമാനവും എത്തനോൾ ഉപയോഗിക്കുന്ന ഇ85, ഇ100 ഇന്ധനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികളും സർക്കാർ പരിഗണിച്ചുവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
റോഡിലെ വെള്ളക്കെട്ടിലൂടെ ബോട്ടിൽ യാത്ര ചെയ്ത് നടൻ, വീഡിയോ വൈറൽ