വില 3.82 കോടി, ആ കിടിലന്‍ കാര്‍ ഇന്ത്യയില്‍

By Web TeamFirst Published Jan 17, 2021, 3:18 PM IST
Highlights

ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് പ്രീമിയം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് പ്രീമിയം എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.82 കോടി രൂപയാണ് ഡിബിഎക്‌സിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ആദ്യ പെർഫോമൻസ് എസ്‌യുവിയാണ് ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്. കമ്പനിയുടെ ഏക പ്രീമിയം എസ്‌യുവിയും ആണിത്.  

മെഴ്‌സിഡസ്-എഎംജിയുടെ 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എൻജിനാണ് ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സിന്‍റെ ഹൃദയം.  542 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും ഈ എൻജിൻ നിർമ്മിക്കും.  പൂജ്യത്തില്‍ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയെത്താൻ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സിന് 4.5 സെക്കൻഡ് മതി. മണിക്കൂറിൽ 291 കിലോമീറ്റർ ആണ് ഉയർന്ന വേഗത. ഒൻപത് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിലൂടെയാണ് ട്രാന്‍സ്‍മിഷന്‍.

5,039 മില്ലിമീറ്റർ നീളമുള്ള 5 സീറ്റർ ആഡംബര എസ്‌യുവിയാണ് ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്. ഡ്യുവൽ എയർ വെന്റുകളും കമ്പനിയുടെ ഡിബി കാറുകളിലെ സ്ഥിരം സാന്നിധ്യമായ ഗ്രിൽ ഡിസൈനും, ക്ലാംഷെൽ ബോണറ്റും ചേർന്ന മുഖമാണ് ഡിബിഎക്‌സിന്. ഫ്ലഷ് ഫിറ്റ് ഡോർ ഹാൻഡിലുകൾ, ഫ്രെയിംലെസ് ഡോർ, വിൻഡോയിലുള്ള ക്രോം സ്ട്രൈപ്പുകൾ എന്നിവ വശങ്ങളിലെ ഭംഗി വർദ്ധിപ്പിക്കുന്നു. എസ്‌യുവി ശരീരഭാഷയ്ക്ക് യോജിക്കും വിധം 22 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകൾ ആണ് ഡിബിഎക്‌സിൽ. ആസ്റ്റൺ മാർട്ടിന്റെ സ്പോർട്സ് കാറായ വാന്റേജിനോട് സാമ്യം തോന്നും വിധമാണ് പിൻ വശം. റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, പവർഡ് ടെയിൽ ഗേറ്റ്, ട്വിൻ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകൾ എന്നിവ ഡിബിഎക്‌സിന്റെ സ്പോർട്ട് ലുക്ക് നല്‍കുന്നു. 

പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ 64 കളർ ആംബിയന്റ് ലൈറ്റിംഗ്, യുഎസ്ബി പോർട്ടുകൾ, മുന്നിലും രണ്ടാം നിരയിലും 12V പവർ സോക്കറ്റുകൾ, 360 ഡിഗ്രി സറൗണ്ട് ക്യാമറ, അൽകന്റാര ഹെഡ്‌ലൈനിംഗ് എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പ്രധാന സവിശേഷതകൾ. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് ആസ്റ്റൺ മാർട്ടിൻ എസ്‌യുവിയിൽ. അതിനു മുന്നിലായി ഡ്യുവൽ ടോൺ ഹീറ്റഡ് സ്റ്റിയറിങ് പാനൽ ക്രമീകരിച്ചിരിക്കുന്നു. 10.25 ഇഞ്ച് ഹൈ-ഡെഫനിഷൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആണ് ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്നത്. പൂർണമായും ലെതറിൽ പൊതിഞ്ഞ അപ്ഹോൾസ്റ്ററിയുടെ ക്വിൾട്ടിംഗ്, എംബ്രോയിഡറി എന്നിവ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. 

ലംബോർഗിനി ഉറൂസ്, ഔഡി ആർ‌എസ് ക്യു8, ബെന്റ്ലി ബെന്റെയ്ഗ, റോൾസ് റോയ്‌സ് കള്ളിനൻ, പോർഷ കയേൻ തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍. 

click me!