വില കുറഞ്ഞ ഇലക്ട്രിക്ക് സ്‍കൂട്ടറുമായി ഏഥര്‍ എനര്‍ജി

By Web TeamFirst Published Sep 6, 2021, 5:09 PM IST
Highlights

നിലവിൽ ഏഥറിന് 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്സിന് 1,44,500 രൂപയാണ് വിപണിവില.

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്‍കൂട്ടര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയില്‍ ശ്രദ്ധേയരായ കമ്പനി ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിൽ ഏഥറിന് 450 പ്ലസ്, 450 എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്. 450 പ്ലസിന് 1,25,490 രൂപയാണ് വിലവരുന്നത്. 450 എക്സിന് 1,44,500 രൂപയാണ് വിപണിവില. ഏഥറിനെ കൂടുതൽ ജനപ്രീതിയുള്ള വാഹനമാക്കുന്നതിത് തടസമായത് ഈ ഉയർന്ന വിലയാണ് . അതുകൊണ്ടു തന്നെ ഇതിനൊരു പരിഹാരമായിട്ടാണ് പുതിയ സ്‌‍കൂട്ടറിന്‍റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഥറിന്‍റെ നിലവിലുള്ള 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്കൂട്ടർ നിർമിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട ആക്ടീവയുടെ വില നിലവാരത്തില്‍ വരുന്ന സ്‍കൂട്ടറാണ് ഏഥര്‍ നിര്‍മ്മിക്കുക എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിന്‍റെ വില.  

ഓല, ഒകിനാവ, സിമ്പിൾ തുടങ്ങിയ വില കുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്ജറ്റ് ഇ വി ഏഥറിനെ സഹായിക്കും. ഓല എസ് 1 (99,999 രൂപ), സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും.  വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.  ഇതിനകം തന്നെ കമ്പനി 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാവുന്ന സ്കൂട്ടറിന്‍റെ നിർമാണത്തിലാണെന്നും ഏതാനും മാസങ്ങൾക്കകം വാഹനം പുറത്തിറക്കാമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അധികൃതര്‍ പറയുന്നു. പുതിയ സംസ്ഥാനങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ഏഥറിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഏഥര്‍ എനര്‍ജി. ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം കൂടിയാണ് ഈ കമ്പനി.  തങ്ങളുടെ സ്വന്തം ചാര്‍ജിങ് കണക്ടര്‍ മറ്റ് ഒഇഎമ്മുകള്‍ക്കു കൂടി ലഭ്യമാക്കുമെന്ന് അടുത്തിടെ ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വിവിധ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിങ് സംവിധാനം പരസ്‍പരം ഉപയോഗിക്കാനാവുന്ന സംവിധാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.  ഇന്ത്യയില്‍ ഉടനീളമുള്ള ഏഥറിന്റെ 200ല്‍ ഏറെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഇതുവഴി ലഭ്യമാക്കും.

click me!