ഔഡി ഇന്ത്യയിലെ എസ്‍യുവി നിര്‍മ്മാണം വീണ്ടും തുടങ്ങും

By Web TeamFirst Published Oct 2, 2021, 4:30 PM IST
Highlights

ഔഡിയുടെ ക്യു 5, ക്യൂ 7 തുടങ്ങിയ മോഡലുകളുടെ നിർമ്മാണമായിരിക്കും ഉടൻ തുടങ്ങുന്നത്

കദേശം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഔഡി (Audi) എസ്‌യുവി ശ്രേണിയിലുള്ള വാഹനങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ പുനരാരംഭിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔഡിയുടെ ക്യു 5 (Audi Q5), ക്യൂ 7 (Audi Q7) തുടങ്ങിയ മോഡലുകളുടെ നിർമ്മാണമായിരിക്കും ഉടൻ തുടങ്ങുന്നത്. ജനപ്രിയമായ ക്യു 5, ക്യൂ 7, ക്യു 3 ഉൾപ്പെടെയുള്ള എസ്.യു.വി-കളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടന്ന് ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ ദില്ലൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മെർസിഡീസ് ബെൻസിന്റെയും ബി‌എം‌ഡബ്ല്യുവിന്റെയും കടുത്ത മത്സരം ഓഡിയുടെ വിപണിയെ ബാധിച്ചിരുന്നു. 10,000 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന വിൽപ്പനയിൽ നിന്ന്, ഓഡിയുടെ ഇന്ത്യയിലെ വിൽപ്പന ആയിരക്കണക്കിന് യൂണിറ്റുകളായി ചുരുങ്ങിയിരുന്നു. ഇന്ത്യയിൽ മാർക്കറ്റ് പിടിക്കാൻ ഒരു പുതിയ ബിസിനസ്സ് പ്ലാൻ കമ്പനി തയ്യാറാക്കിയിട്ടുണ്ടന്ന്‌ ബൽബീർ ദില്ലൻ പറഞ്ഞു.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ലോകത്തുടനീളമുള്ള വാഹന വിപണിയിൽ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ പതിറ്റാണ്ട് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങൾക്കു പകരം നിർമാതാക്കളിൽ ഭൂരിഭാഗവും ഇലക്ട്രിക് കരുത്തിലുള്ള വാഹനത്തിന്റെ നിർമാണത്തിലേക്ക് മാറുകയാണ്. വോൾവോ, ലാൻഡ് റോവർ തുടങ്ങിയ മുന്തിയ ഇനം വാഹനങ്ങളുടെ ഇലക്ട്രിക് പ്രഖ്യാപനത്തിന് പിന്നാലെ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുകയാണ് ജർമൻ വാഹനനിർമാതാക്കളായ ഓഡിയും. 2026-ഓടെ പൂർണമായും ഇലക്ട്രിക്ക് കരുത്തിലേക്ക് മാറുമെന്നാണ് ഓഡി നേരത്തെ അറിയിച്ചിരുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നിർമാണം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. 2026-ന് ശേഷം പെട്രോൾ-ഡീസൽ എൻജിനുകളിലുള്ള പുതിയ മോഡലുകൾ ഓഡി അവതരിപ്പിക്കില്ലന്നും വാർത്തയുണ്ട്. ഓഡിയുടെ ഗ്രീൻ കാറുകളുടെ ഇ-ട്രോൺ ശ്രേണിക്ക് ഒരു കോടി രൂപയിലധികം വിലവരും.

അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഔഡി ഇന്ത്യ രംഗത്തെത്തിയിരുന്നു. 40 ശതമാനമായി നികുതിയിൽ കുറവ് വരുത്തണമെന്നാണ് ഔഡിയുടെ  ആവശ്യം.  നികുതിയിൽ കുറവ് വന്നാൽ വിലയിൽ നല്ല രീതിയിൽ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം. വാഹനത്തിന്റെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ നിർമാണ ചെലവ് മാത്രമാണ് കമ്പനിക്ക് നിയന്ത്രിക്കാൻ സാധിക്കുക. ബാക്കിയുള്ള ജിഎസ്ടി, ഇറക്കുമതി തീരുവ, രജിസ്ട്രേഷൻ ഫീസ് ഇവയെല്ലാം സർക്കാരിന്റെ പരിധിയിലാണെന്നും ഔഡി ഇന്ത്യയുടെ മേധാവി ബൽബിർ സിംഗ് ധില്ലൻ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ഔഡി പുതിയ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചത്. 1.79 കോടി രൂപ വിലയുള്ള ഇ-ട്രോണ്‍ ജിടി യും 2.04 കോടി രൂപ വിലയുമുള്ള ആർഎസ് ഇ-ട്രോൻ ജിടി എന്നി രണ്ട് കാറുകളാണ് ബുധനാഴ്ച ഔഡി അവതരിപ്പിച്ചത്.

click me!