ആ അഭ്യാസം ഇനി നടക്കില്ല, ഈ വാഹനങ്ങള്‍ ഇനി കുടുങ്ങും!

By Web TeamFirst Published Jan 20, 2021, 2:55 PM IST
Highlights

ഈ സംവിധാനം വരുന്നതോടെ ഒരു വാഹനം ഒന്നിൽ കൂടുതൽ തവണ വരുന്നത് കണ്ടെത്താം


അതിര്‍ത്തികളിലൂടെ നികുതി വെട്ടിച്ചുള്ള കള്ളക്കടത്തുകൾ പിടികൂടാൻ അത്യാധുനിക സംവിധാനമുള്ള ക്യാമറുകളുമായി ജിഎസ്‍ടി വകുപ്പ് എത്തുന്നതായി റിപ്പോര്‍ട്ട്.  മുത്തങ്ങയിലും തോൽപെട്ടിയിലും  വാഹന നമ്പറുകൾ ഒപ്പിയെടുക്കുന്ന ഓട്ടമാറ്റിക് സംവിധാനമായഎഎ‍ൻപിആർ (Automatic Number Plate Recognition cameras- ANPR) സ്ഥാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

വാണിജ്യ നികുതി ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ സ്ക്വാഡുകളെ ഉപയോഗിച്ചാണ് ജിഎസ്ടി വകുപ്പ് വാഹന പരിശോധന നടത്തുന്നത്. മുൻപ് ചെക്പോസ്റ്റുകളിൽ മുഴുവൻ വാഹനങ്ങളും പരിശോധിച്ചിരുന്നെങ്കില്‍ ഇപ്പോഴത് നടക്കില്ല. ഇതു മറികടക്കാനാണ് എഎൻപിആർ സിസ്റ്റം സ്ഥാപിക്കുന്നത്. പകലും രാത്രിയും എഎന്‍പിആര്‍ ക്യാമറകള്‍ ഒരുപോലെ പ്രവര്‍ത്തിക്കും.മുത്തങ്ങയിലും തോൽപെട്ടിയിലുംനിർമാണ ജോലികൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊരാളുങ്കൽ സൊസൈറ്റിക്കാണു നിര്‍മാണച്ചുമതല. 

അതിർത്തി കടന്നുവരുന്ന എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ആർച്ചിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഒപ്പിയെടുക്കുകയും ഉടനടി അത് ജിഎസ്ടി വകുപ്പിന് ലഭിക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ആപ്പുകളിലേക്കും വിവരങ്ങളെത്തും. സാധനങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പര്‍പ്ലേറ്റ് ഉള്‍പ്പെടുത്തിയ ഇ-വേ ബില്ലില്‍ ചരക്കു സംബന്ധിച്ച വിവരങ്ങള്‍ എല്ലാമുള്ളതിനാല്‍ അതിര്‍ത്തി കടന്നു വരുന്ന വാഹനങ്ങളില്‍ പരിശോധന ആവശ്യമുള്ളവ കണ്ടെത്തുകയും എവിടെ വച്ചു വേണമെങ്കിലും പരിശോധിക്കാനുമാകും.  50,000 രൂപയ്ക്ക് മുകളിൽ ചരക്ക് കൊണ്ടു വരണമെങ്കിൽ ഇ-വേ ബിൽ നിർബന്ധമാണ്. ചരക്കു കൊണ്ടു വരുന്ന വാഹന നമ്പറും ഇ-വേ ബില്ലിൽ ചേർക്കും. ഒരു ഇ -വേ ബിൽ ബിൽ ഉപയോഗിച്ച് ഒരേ ദിവസം ഒന്നിൽ കൂടുതൽ തവണ അതിർത്തി കടത്തുന്നത് ഇതിലൂടെ തടയാനാകും എന്നാണ് അധികൃതര്‍ പറയുന്നത്. 

ചിലർ ഒരു ഇ- വേ ബില്ലിൽ ഒരു ലോഡ് കൊണ്ടു വന്ന ശേഷം തിരികെപ്പോയി അതേ ദിവസം തന്നെ അതേ ഉൽപന്നം അതേ ഇ-വേ ബിൽ ഉപയോഗിച്ച് അതിർത്തി കടത്തി കൊണ്ടുവന്ന് തട്ടിപ്പ് നടത്താറുണ്ട്. എഎൻപിആർ സംവിധാനം വരുന്നതോടെ ഒരു വാഹനം ഒന്നിൽ കൂടുതൽ തവണ വരുന്നത് കണ്ടെത്താം. വാഹന നമ്പർ പരിശോധിച്ചാൽ ഇ- വേ ബിൽ എടുത്തിട്ടുണ്ടോ എന്ന് അറിയാനും സാധിക്കും. 

click me!