ബജാജ് ചേതക്ക് മൂന്നു നഗരങ്ങളിലേക്ക് കൂടി

By Web TeamFirst Published Jul 22, 2021, 9:40 AM IST
Highlights

മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങൾക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്.  നിലവില്‍ ബെംഗളൂരു, പൂണെ എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ചേതക് വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. 2022 ഓടെ പുതിയ 22 നഗരങ്ങളിൽ കൂടി ചേതക് ഇലക്ട്രിക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലേക്കായി അടുത്തിടെ കമ്പനി ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ജൂലൈ 22 മുതൽ മൂന്ന് നഗരങ്ങളിലേക്ക് കൂടി ബുക്കിംഗ് ആരംഭിക്കുന്നതായി അറിയിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2021 ജൂലൈ 22-ന് മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങൾക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,000 രൂപ ടോക്കൺ തുകയായി സ്വീകരിച്ചാണ് ബ്രാൻഡ് പ്രീ-ബുക്കിംഗിന് തുടക്കമിട്ടത്. ചേതക്കിനായുള്ള ബുക്കിംഗ് നിലവിൽ എല്ലാ നഗരങ്ങളിലും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും സാധിക്കും.

തുടർന്ന് അതത് നഗരങ്ങൾക്കായി ബുക്കിംഗ് വീണ്ടും തുറന്നുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും. ഈ വർഷം ഏപ്രിലിൽ ബജാജ് ചെന്നൈയിലും ഹൈദരാബാദിലും ചേതക്കിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ബുക്കിംഗിനായുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് രാജ്യമെങ്ങും ഉടലെടുത്ത പ്രതിസന്ധിയാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചേതക്കിന്‍റെ നിർമ്മാണം ഇരട്ടിയാക്കാനായി കഠിന ശ്രമത്തിലാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിക്കുന്ന സമയത്ത് ഇലക്ട്രിക് സ്‌കൂട്ടറിന് വില യഥാക്രമം 1.0 ലക്ഷം, 1.15 ലക്ഷം രൂപയായിരുന്നു. എന്നാൽ പിന്നീട് വില കൂട്ടിയിരുന്നു. അർബൻ വേരിയന്റിന് ഇപ്പോൾ 1,42,620 രൂപയും പ്രീമിയത്തിന് 1,44,620 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക്കാണ്.

പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

പുണെയിലെ ചാകന്‍ പ്ലാന്റില്‍ 2019 സെപ്‍തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിരുന്നു. തുടക്കത്തില്‍ പുതിയ ചേതക്ക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് റഗുലര്‍ ബജാജ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്‌ലറ്റുകള്‍ വഴി ചേതക്കിനെ ബജാജ് എത്തിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!