പെട്രോള്‍ ഇനി 'മണക്കാനും' കിട്ടും, കിടിലന്‍ പെര്‍ഫ്യൂമുമായി ഫോര്‍ഡ്!

By Web TeamFirst Published Jul 22, 2021, 8:20 AM IST
Highlights

പെട്രോള്‍ മണപ്പിക്കാനുള്ള ഒരു കിടിലന്‍ സാങ്കേതികവിദ്യയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് അവതരിപ്പിച്ചത്

ഇന്ധന വില സൂപ്പര്‍കാറിനെപ്പോലെ കുതിച്ചുപായുകയാണ്. 100 രൂപയും കടന്നുപോയ പെട്രോളിന് പുറകെ ഡീസലും മത്സരിച്ചോടുന്നു. ഈ സാഹചര്യത്തിൽ സാധാരണക്കാരിൽ നിന്നും ഉയരുന്ന ഒരു പതിവ് ചോദ്യമാണ് 'ഇനി പെട്രോളൊക്കെ ഒന്ന് മണപ്പിക്കാനെങ്കിലും കിട്ടുമോ' എന്നുള്ളത്. എന്തായാലും പെട്രോള്‍ മണപ്പിക്കാനുള്ള ഒരു കിടിലന്‍ സാങ്കേതികവിദ്യയുമായാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തങ്ങളുടെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഫോര്‍ഡ് പുതിയ പെട്രോള്‍ മണണുള്ള പെര്‍ഫ്യൂം അവതരിപ്പിച്ചിരിക്കുന്നത്. ‘മാക് ഓ’ എന്നാണ് ഈ  പ്രീമിയം ഫ്രാഗ്രന്‍സിന്‍റെ പേര്. ഇലക്ട്രിക് വാഹനങ്ങളില്‍ പെട്രോള്‍ മണം നല്‍കുന്നതിനാണ് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ഈ കിടിലന്‍ ആശയം ആവിഷ്‍കരിച്ചത്. പരമ്പരാഗത പെട്രോള്‍ കാറുകളില്‍ ലഭിക്കുന്നതിന് സമാനമായ പെട്രോള്‍ മണം പുതിയ ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

അടുത്തിടെ ഫോര്‍ഡ് ഒരു സര്‍വ്വേ നടത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പെട്രോളിന്റെ മണം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് ഫോഡ് നടത്തിയ സര്‍വേയില്‍ അഞ്ച് ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയശേഷം പെട്രോളിന്റെ ഗന്ധം ഒരു പരിധിവരെ നഷ്ടപ്പെടുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനത്തോളം പേര്‍ വ്യക്തമാക്കി. വീഞ്ഞ്, ചീസ് എന്നിവയേക്കാള്‍ ഉയര്‍ന്നതാണ് പെട്രോളിന്റെ മണമെന്ന് സര്‍വേ പറയുന്നു.

ഇതോടെയാണ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കാൻ ഫോർഡ് തീരുമാനിച്ചത്. പ്രശസ്‍ത പെർഫ്യൂം കൺസൾട്ടൻസി, ഓൾഫിക്ഷനുമായി ചേർന്നാണ് ഫോർഡ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയത്. ഏറ്റവും പ്രശസ്‍തമായ പെർഫ്യൂമുകള്‍ സൃഷ്ടിക്കുന്നതിൽ പ്രവർത്തിച്ച ബ്രിട്ടീഷ് സൊസൈറ്റി ഓഫ് പെർഫ്യൂമേഴ്‌സിലെ അസോസിയേറ്റ് പെർഫ്യൂമറായ പിയ ലോംഗ് പെട്രോളിന്റെ ഗന്ധമുള്ള പെർഫ്യൂം നിർമ്മിക്കാൻ ഫോര്‍ഡിനെ സഹായിച്ചിട്ടുണ്ട്.

പെട്രോള്‍ പോലെ മണക്കുന്നതിനു പകരം, പുകയുടെ മണം നല്‍കുന്ന ചേരുവകള്‍, റബ്ബറിന്റെ സാന്നിധ്യം, മസ്താംഗ് പൈതൃകത്തിന്റെ മണം പരത്തുന്ന ‘അനിമല്‍’ ഘടകം എന്നിവ സംയോജിപ്പിച്ചതാണ് പുതിയ പ്രീമിയം ഫ്രാഗ്രന്‍സ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  കാർ ഇന്റീരിയർ, എഞ്ചിനുകൾ, പെട്രോൾ എന്നിവയിൽ നിന്ന് പുറന്തള്ളുന്ന രാസവസ്‍തുക്കൾ പരിശോധിച്ചാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കാർ ഇന്റീരിയറുകൾ നൽകുന്ന ബദാം പോലുള്ള സുഗന്ധമുള്ള ബെൻസാൾഡിഹൈഡ്, ടയറുകളുടെ റബ്ബർ സുഗന്ധം സൃഷ്‍ടിക്കുന്നതിൽ പ്രധാനമായ പാരാ ക്രെസോൾ എന്നിവ പെർഫ്യൂമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇഞ്ചി, ലാവെൻഡർ, ജെറേനിയം, ചന്ദനം തുടങ്ങിയ ചേരുവകൾ കൂടെ ചേർത്താണ് പെട്രോളിന്റെ ഗന്ധം പെർഫ്യൂമിന് തയ്യാറാക്കിയത്. 

ഇലക്ട്രിക് വാഹനങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ പുതിയ മാക് ഓ പ്രീമിയം ഫ്രാഗ്രന്‍സ് സഹായിക്കുമെന്നാണ് ഫോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച മിഥ്യാധാരണകള്‍ ഇല്ലാതാക്കാമെന്നും പരമ്പരാഗത കാര്‍ പ്രേമികളെ പോലും ഇലക്ട്രിക് കാറുകളുടെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 

പുതിയ ഫ്രാഗ്രന്‍സ് വികസിപ്പിച്ചെങ്കിലും ഇതുവരെ അത് വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല ഫോര്‍ഡ്. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന വാഹന കാർണിവൽ ഗുഡ്-വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ യൂറോപ്പില്‍ മസ്‍താംഗ് മാക് ഇ ജിടി അരങ്ങേറിയപ്പോഴാണ് ‘മാക് ഓ’ പ്രീമിയം ഫ്രാഗ്രന്‍സിനെ ഫോര്‍ഡ് അവതരിപ്പിച്ചത്. അതേസമയം വിപണിയിൽ ഈ പെർഫ്യൂം വില്‍പ്പനയ്ക്ക് എത്തുമോ എന്ന് ഫോർഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!