മുഗളരെ വിറപ്പിച്ച പടക്കുതിര തിരികെയെത്താന്‍ ദിവസങ്ങള്‍ മാത്രം, വിരലിലെണ്ണി വാഹനപ്രേമികള്‍!

By Web TeamFirst Published Jan 9, 2020, 9:12 AM IST
Highlights

ഈ വാഹനം ജനവരി 14-ന് നിരത്തുകളിലെത്താനൊരുങ്ങുകയാണ്

ഐക്കണിക്ക് ഇരുചക്രവാഹനം ചേതക്കിനെ നിരത്തില്‍ തിരിച്ചെത്തിച്ചിരിക്കുകയാണ് ബജാജ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്റായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്.

2019 ഒക്ടോബര്‍ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരിയുടെ സാന്നിധ്യത്തില്‍ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് പുനരവതരിപ്പിച്ചത്.   ഈ വാഹനം ജനവരി 14-ന് നിരത്തുകളിലെത്താനൊരുങ്ങുകയാണ്. ചേതക്ക് ആദ്യം വിപണിയിലെത്തുന്നത് പുണെയിലാണ്.

പുണെയിലെ ചാകന്‍ പ്ലാന്റില്‍ സെപ്‍തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിട്ടുണ്ട്.  പുണെക്ക് പിന്നാലെ ബെംഗളൂരുവിലും വാഹനം സാന്നിധ്യമറിയിക്കും. ഇതിന് ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും. അതേസമയം ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ബജാജ് വ്യക്തമാക്കിയിട്ടില്ല.

തുടക്കത്തില്‍ പുതിയ ചേതക്ക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക.  ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് റഗുലര്‍ ബജാജ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്ലെറ്റുകള്‍ വഴി ചേതക്കിനെ ബജാജ് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ബജാജ് ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലേക്ക് മാറ്റിയെടുക്കാനും ബജാജിന് പദ്ധതിയുണ്ട്.   ഏകദേശം 1.20 ലക്ഷം രൂപയായിരിക്കും വാഹനത്തിന്‍റെ വില.

പേരിലല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല.  റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ്  വികസിപ്പിച്ചിരിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്‍പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു ചേതക്കിന്‍റെ അവതരണം. പുരാതന ഇന്ത്യയിലെ രാജാവായിരുന്ന മഹാരാജാ റാണാ പ്രതാപ് സിംഗിന്‍റെ ചേതക്ക് എന്ന വിഖ്യാത പടക്കുതിരയുടെ പേരില്‍ നിന്നാണ് സ്‍കൂട്ടറിനെ ഈ പേര് നല്‍കിയത്.

click me!