Chetak : പഴമ പേരിൽ മാത്രം, ലുക്കിലും വർക്കിലും കേമൻ; ചേതക്കിന്റെ ഉത്പാദനം കൂട്ടാൻ പ്ലാന്റുമായി ബജാജ്

Published : Jun 11, 2022, 02:15 PM IST
Chetak : പഴമ പേരിൽ മാത്രം, ലുക്കിലും വർക്കിലും കേമൻ; ചേതക്കിന്റെ ഉത്പാദനം കൂട്ടാൻ പ്ലാന്റുമായി ബജാജ്

Synopsis

ചേതക് ടെക്നോളജി ലിമിറ്റഡും അതിന്റെ വെണ്ടർ പങ്കാളികളും ഏകദേശം 750 കോടി രൂപ പുതിയ പ്ലാന്റിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്‍തിട്ടുണ്ട്. അര ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്‍റ് 11,000 പേർക്ക് തൊഴില്‍ അവസരങ്ങൾ സൃഷ്‍ടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ബജാജ് ഓട്ടോ പൂനെയിലെ അകുർദിയിൽ പുതുതായി നിർമ്മിച്ച ഇവി നിർമ്മാണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്‍തു. ബജാജ് സ്ഥാപകന്‍ രാഹുൽ ബജാജിന്റെ ജന്മദിനത്തിൽ (ജൂൺ 10) ആയിരുന്നു പുതിയ പ്ലാന്‍റിന്‍റെ ഉദ്ഘാടനം. ബജാജ് 1970-കളിൽ അക്രുദിയിൽ നിന്നായിരുന്നു ആദ്യ ചേതക് പുറത്തിറക്കിയത്. ഈ സ്‌കൂട്ടർ പിന്നീട് ഇന്ത്യൻ ഇരുചക്ര വാഹനലോകത്തെ ഐക്കണിക്ക് മോഡലായി മാറി.

2019ൽ, കമ്പനി ഒരു ഇലക്ട്രിക് സ്‍കൂട്ടറിന്‍റെ രൂപത്തിൽ ചേതക്കിനെ വീണ്ടും അവതരിപ്പിച്ചു. അതിനുശേഷം ഘട്ടം ഘട്ടമായി നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഈ ഇലക്ട്രിക്ക് ഇരുചക്രവാഹനം അവതരിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. വാഹനത്തിന്‍റെ മൊത്തത്തിലുള്ള വിൽപ്പന 14,000 യൂണിറ്റുകൾ കടന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 16,000 ബുക്കിംഗ് നിലവില്‍ ഉണ്ട്.

"ലോകമെമ്പാടും ഹൃദയം കീഴടക്കിയ യഥാർത്ഥ 'മേക്ക് ഇൻ ഇന്ത്യ' സൂപ്പർസ്റ്റാറാണ് ചേതക്. രൂപകൽപ്പന ചെയ്‌തതും നിർമ്മാണവുമെല്ലാം ഇന്ത്യയിലെ വേരുകൾക്ക് അനുസൃതമായാണ്. ചേതക്കിന്റെ വൈദ്യുത അവതാർ ജനിച്ചത് ഞങ്ങളുടെ ശക്തമായ ഗവേഷണ-വികസനത്തിൽ നിന്നാണ്.. ” ചേതക് ടെക്‌നോളജി ചെയർമാൻ രാജീവ് ബജാജ് പറഞ്ഞു. ബജാജ് ഓട്ടോയുടെ അന്തരിച്ച ചെയർമാൻ രാഹുൽ ബജാജിന്റെ 84-ാം ജന്മദിനത്തിൽ, 2022 ജൂണിൽ ചേതക്കിന്റെ ഈ മികവിന്റെ കേന്ദ്രം കമ്മീഷൻ ചെയ്യാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റിയെന്നും രാജീവ് ബജാജ് കൂട്ടിച്ചേർത്തു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡുമായി പൊരുത്തപ്പെടാൻ പുതിയ പ്ലാന്റ് കമ്പനിയെ സഹായിക്കും. ഡിമാൻഡിനെ അടിസ്ഥാനമാക്കി, പ്ലാന്റിന്റെ ശേഷി അതിവേഗം വികസിപ്പിച്ച് പ്രതിവർഷം 500,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

ചേതക് ടെക്നോളജി ലിമിറ്റഡും അതിന്റെ വെണ്ടർ പങ്കാളികളും ഏകദേശം 750 കോടി രൂപ പുതിയ പ്ലാന്റിൽ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്‍തിട്ടുണ്ട്. അര ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്ലാന്‍റ് 11,000 പേർക്ക് തൊഴില്‍ അവസരങ്ങൾ സൃഷ്‍ടിക്കും എന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഭാവി ഇലക്ട്രിക് വാഹന നിരയുടെ ആസ്ഥാനം കൂടിയാണിത്.

എന്താണ് ചേതക്ക്?

ഐതിഹാസിക മോഡലായ ചേതക്കിനെ (Bajaj Chetak) ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ (Bajaj Auto) തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളില്‍ എത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക്കാണ്.

പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ