മോഡലുകളുടെ വില കൂട്ടി ബജാജ്

By Web TeamFirst Published May 16, 2020, 11:08 AM IST
Highlights

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോ വിവിധ മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ എക്‌സ് ഷോറൂം വില വര്‍ധിപ്പിച്ചു. 

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോ വിവിധ മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ എക്‌സ് ഷോറൂം വില വര്‍ധിപ്പിച്ചു. 500 രൂപ മുതല്‍ 3,500 രൂപ വരെയാണ് വില വര്‍ധന. പുതിയ വില മെയ് ഒമ്പതിന് പ്രാബല്യത്തില്‍ വന്നു. വില വര്‍ധിപ്പിച്ചവയില്‍ പള്‍സര്‍, അവെഞ്ചര്‍ മോഡലുകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പുതിയ മോഡലായ ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.

ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് 3000 രൂപയും അവെഞ്ചര്‍ ക്രൂസ് 220 ബൈക്കിന് 2,502 രൂപയുമാണ് വര്‍ധിച്ചത്. യഥാക്രമം 1.94 ലക്ഷം രൂപയും 1.19 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചപ്പോള്‍ രണ്ട് മോഡലുകളുടെയും വില വര്‍ധിച്ചിരുന്നു. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളാണ് നിലവില്‍ ബജാജ് ഓട്ടോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രാജ്യത്തെ ബജാജ് ഓട്ടോ ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളും തുറന്നിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലവും പ്രവേശന കവാടത്തില്‍ നിര്‍ബന്ധിത തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. 

ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബജാജിന്റെ ചകന്‍, പൂണെ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഒറ്റ ഷിഫ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും ബജാജ് നേരത്തേ നീട്ടിയിരുന്നു. എന്നാല്‍, മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 18 വരെ നീട്ടിയത് കണക്കിലെടുത്ത് വാറണ്ടിയും സര്‍വീസും ജൂലായ് 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. മുമ്പ് മെയ് 31 വരെയായിരുന്നു നീട്ടിയിരുന്നത്. 

click me!