ടൂറിസം വകുപ്പിനുള്ള ബെന്‍സിന്‍റെ കാരവാന്‍ റെഡി, പുറത്തിറക്കി മന്ത്രിമാര്‍

By Web TeamFirst Published Oct 13, 2021, 6:11 PM IST
Highlights

സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുമായി (Keravan Kerala) കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് (BharatBenz) അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയതെന്ന് ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവന്‍ മാതൃക വരുംദിവസങ്ങളില്‍ പുതിയ തരംഗമായി മാറും. കാരവന്‍ പാര്‍ക്കുകള്‍ ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളുടെ സാംസ്കാരിക കേന്ദ്രമായി മാറുന്നതിനൊപ്പം ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴിലവസരവും നല്‍കും. കാരവന്‍ ടൂറിസം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ വളരെ അനുകൂലമായാണ് ഗതാഗതമന്ത്രി പ്രതികരിച്ചത്. കാരവനുകളുടെ നികുതിയിളവ്, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത് പദ്ധതി നടത്തിപ്പില്‍ ഊര്‍ജ്ജമേകിയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ടൂറിസം, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നുള്ള മെഗാ പദ്ധതിയായ കാരവന്‍ കേരള ടൂറിസം മേഖലയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. രജിസ്റ്റര്‍ ചെയ്‍ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കും. ഇത് കാരവനുകളുടെ യാത്രയും പ്രവര്‍ത്തനവും തടസരഹിതമാക്കും. അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ കെ.ജി. മോഹന്‍ലാല്‍, ഡയംലര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്‍റ് രാജാറാം കൃഷ്ണമൂര്‍ത്തി, ഓട്ടോബാന്‍ സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് അരുണ്‍ വി.കെ എന്നിവര്‍ സംബന്ധിച്ചു.

click me!