വോഡ്‌ക കുടിച്ചത് അപകടത്തിന് ശേഷം മനസ്സ് തണുക്കാൻ, 'ഡ്രങ്ക് ഡ്രൈവിംഗ്' കേസിൽ യുവതിയെ വെറുതെ വിട്ട് കോടതി

By Web TeamFirst Published Oct 13, 2021, 12:14 PM IST
Highlights

അപകടം നടന്ന പാടെ യുവതി, താൻ ഇടിച്ചു നാശമാക്കിയ കാറിന്റെ ഉടമയ്ക്ക് ആയിരം പൗണ്ട് എടുത്തുനീട്ടി, "നടന്നതിനെക്കുറിച്ച് മറന്നോളൂ" എന്ന് പറയുകയായിരുന്നു.

അപകടം നടന്ന സമയത്ത് താൻ മദ്യപിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ സാധിച്ചതോടെ, യുകെ നിവാസിയായ ഒരു യുവതിയെ 'ഡ്രങ്ക് ഡ്രൈവിംഗ്' കേസിൽ വെറുതെ വിട്ട് യുകെ കോടതി. കെൽസി റൈഡിങ്സ് എന്ന 26 കാരിയെയാണ് തന്റെ മെഴ്സിഡസ് ബെൻസ് കാർ ഒരു പ്യൂഷോ 308 -ലേക്ക് ഇടിച്ചു കയറ്റിയ കേസിൽ മാഞ്ചസ്റ്റർ കോടതി മദ്യപിച്ചു വണ്ടിയോടിച്ചു എന്ന ആരോപണത്തിൽ നിന്ന് വിമുക്തയാക്കിയത്. 

തന്റെ നാലു കുട്ടികൾക്കൊപ്പം വീട്ടിലേക്ക് പോകും വഴിയാണ് ഈ 'ഹെഡ് ഓൺ കൊളീഷൻ' ഉണ്ടാവുന്നത്. അപകടം നടന്ന പാടെ തന്നെ യുവതി, താൻ ഇടിച്ചു നാശമാക്കിയ കാറിന്റെ ഉടമയ്ക്ക് ആയിരം പൗണ്ട് എടുത്തുനീട്ടി, "നടന്നതിനെക്കുറിച്ച് മറന്നോളൂ" എന്ന് പറയുകയും, പൊലീസ് എത്തിച്ചേരും മുമ്പുതന്നെ വണ്ടിയെടുത്ത് സ്ഥലം കാലിയാക്കുകയുമായിരുന്നു. യുവതിയുടെ രജിസ്‌ട്രേഷൻ പരിശോധിച്ച  പൊലീസ് അവരെ പിന്തുടർന്ന് വീട്ടിൽ എത്തിച്ചേർന്നപ്പോൾ അനുവദനീയമായ പരിധിയുടെ നാലിരട്ടി മദ്യം അകത്തുചെന്ന അവസ്ഥയിലായിരുന്നു യുവതി. ഈ സാഹചര്യത്തിലാണ് പൊലീസ് ഇവർക്കെതിരെ 'ഡ്രങ്ക് ഡ്രൈവിംഗ്' എന്ന ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി കേസ് ചാർജ് ചെയ്തത്. 

എന്നാൽ, ഈ കേസ് വിചാരണയ്ക്ക് വന്നപ്പോൾ താൻ അപകടം നടന്ന നേരത്ത് മദ്യപിച്ചിരുന്നില്ല എന്ന് തെളിയിക്കാൻ കെൽസിക്ക് സാധിച്ചു. അപകടം നടന്നതിന് പിന്നാലെ താൻ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു എന്നും അപ്പോഴുണ്ടായ സംഭ്രമം അടക്കാൻ മിനിറ്റുകൾക്കുള്ളിൽ രണ്ടു കുപ്പി വോഡ്ക അകത്താക്കുകയുമാണുണ്ടായത് എന്ന് യുവതി കോടതിയെ അറിയിച്ചു. മദ്യപിച്ച ശേഷം താനാണ് യുവതിയെ വീട്ടിൽ കൊണ്ട് വിട്ടത് എന്നും, അതിനു ശേഷമാണ് പൊലീസ് വന്നു യുവതിയെ അറസ്റ്റു ചെയ്തത് എന്ന് സുഹൃത്തും മൊഴി നൽകിയതോടെ, അപകടം നടന്ന സമയത്ത് യുവതി മദ്യപിച്ചിരുന്നു എന്ന് സംശയാതീതമായി തെളിയിക്കാൻ പൊലീസിന് മാർഗമില്ലാതെ ആവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലായിരുന്നതുകൊണ്ട് ഇൻഷുറൻസ് കവറേജ് പ്രയോജനപ്പെടുത്തി വണ്ടികളുടെ കേടുപാടുകൾ തീർക്കാൻ ഉത്തരവിട്ട കോടതി കേസ് തീർപ്പാക്കുകയാണ് ഉണ്ടായത്.

click me!