'പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും'; പൊലീസ് സ്റ്റേഷനു മുന്നില്‍ ബൈക്കഭ്യാസം!

By Web TeamFirst Published Apr 26, 2021, 10:38 AM IST
Highlights

പൊലീസിനുള്ള വെല്ലുവിളിയോടെ ആയിരുന്നു അഭ്യാസ പ്രകടനം

നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ പൊലീസ് ബൈക്ക് പിടിച്ചെടുത്തു.  കേസെടുത്ത ശേഷം വിട്ടുകൊടുത്ത ബൈക്കുമായി പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസിനെ വെല്ലുവിളിച്ച് അഭ്യാസ പ്രകടനം നടത്തി യുവാവ്. കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൊലീസിനുള്ള വെല്ലുവിളിയോടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് സംഭവം.  പൊലീസ് ബൈക്ക് പിടികൂടുന്നത് മുതലുള്ള ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചതായും പിന്നീടാണ് വീഡിയോ പുറത്തിറക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം-പരവൂർ തീരദേശപാതയിൽനിന്നാണ് ബൈക്ക് പിടിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത സ്പോര്‍ട്‍സ് ബൈക്ക് സ്റ്റേഷനിലേക്ക് പൊലീസുകാരൻ ഓടിച്ചുപോകുന്നതും പിന്നീട് സ്റ്റേഷനിൽനിന്ന് യുവാവ് ബൈക്കുമായി പുറത്തേക്ക് ഇറക്കുന്നതും വീഡിയോയിലുണ്ട്. റോഡിലേക്കിറക്കിയ ഉടൻ യുവാവ് പിൻവശത്തെ ടയർ പൊക്കി ബൈക്ക് ഓടിച്ചുപോകുന്നതുമാണ് വീഡിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

‘അവനെ പിടിക്കാൻ ഏമാൻമാർക്ക് ഉടൽവിറയ്ക്കും. അവൻ നാലാംദിവസം സ്റ്റേഷനിൽനിന്നു പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും’ എന്നിങ്ങനെ ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ  അന്വേഷണം ആരംഭിച്ചതായും ബൈക്കിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!