"ഞാനൊന്നും അറിഞ്ഞില്ലേ.." അപകടമുണ്ടാക്കി മുങ്ങുന്ന വണ്ടിക്കാരന്‍, ഞെട്ടിക്കും ദൃശ്യങ്ങള്‍

By Web TeamFirst Published May 8, 2021, 9:55 PM IST
Highlights

ഒരാളുടെ മരണത്തിനിടയാക്കിയ ശേഷം ഞാനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ അപകടസ്ഥലത്തു നിന്നും മുങ്ങുന്ന സ്‍കൂട്ടറുകാരന്‍

ടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

യാതൊരു ശ്രദ്ധയുമില്ലാതെ ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് പാഞ്ഞു കയറുകയും ഒരാളുടെ മരണത്തിനിടയാക്കിയ ശേഷം ഞാനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ അപകടസ്ഥലത്തു നിന്നും മുങ്ങുകയും ചെയ്യുന്ന ഒരു സ്‍കൂട്ടര്‍ യാത്രികന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇടറോഡിൽ നിന്നും അശ്രദ്ധമായി പ്രധാനറോഡിലൂടെ മുന്നോട്ടെടുത്ത സ്‍കൂട്ടര്‍ കാരണം നഷ്‍ടമായത് മറ്റൊരു ബൈക്ക് യാത്രികന്‍റെ ജീവനാണ്. കര്‍ണാടകയിലെ മംഗളൂരു മേരിഹില്‍-പടവിനങ്കടി എയര്‍പോര്‍ട്ട് റോഡിലായിരുന്നു ഈ അപകടം. 

മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ റോഡിന് കുറുകെ വാഹനം ഓടിച്ചുകയറ്റിയ സ്‍കൂട്ടര്‍ യാത്രികനാണ് അപകടത്തിന്‍റെ മുഖ്യ കാരണം. വേഗത്തിലെത്തിയ മറ്റൊരു ബൈക്ക് സ്‍കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടത്തിണ്ണയിലേക്ക് ഇടിച്ചുകയറുന്നതും മറിയുന്നതും വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തിൽ ബൈക്കുകാരൻ തെറിച്ചുപോകുന്നതും ഇതിനിടെ മറ്റൊരു ബൈക്കില്‍ ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാൽ ഇതിനു പിന്നാലെ കാണുന്ന ദൃശ്യങ്ങളാണ് ആരെയും ഞെട്ടിക്കുന്നത്. ഇതൊന്നും തന്നെ ബാധിക്കുന്നില്ല ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ അപകടത്തിനു കാരണക്കാരനായ സ്‍കൂട്ടര്‍ യാത്രികന്‍ സംഭവ സ്ഥലത്തു നിന്നു മുങ്ങുന്ന ദൃശ്യങ്ങളാണിത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ശര്‍വത്ത്കട്ടേ സ്വദേശിയായ യുവാവിന്‍റെ ജീവനാണ് നഷ്‍ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • പ്രധാന റോഡിലേക്ക് പ്രവേശിക്കും മുൻപ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.
  • നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.
  • മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.  വലതുവശം
മുന്നിലെ വാഹനത്തിന്‍റെ വലതുവശത്തുകൂടിയല്ലാതെ ഓവര്‍ടേക്ക് ചെയ്യരുത്. മാത്രമല്ല മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാതെ വേണം മറികടക്കാന്‍

2.  റോഡ് കാണാന്‍ കഴിയണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുമ്പ് സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാമെന്ന് ഉറപ്പാക്കണം

3. വളവുകളില്‍ അരുതേയരുത്
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് ഒരിക്കലും പാടില്ല

4. പിന്നിലെ വാഹനങ്ങള്‍
പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം

5. എതിര്‍ദിശയിലെ വാഹനങ്ങള്‍
എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. 

6. കണക്കുകൂട്ടല്‍ പിഴച്ചാല്‍
ഓവര്‍ടേക്കിങ് വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ്. അമിതമായ ആത്മവിശ്വാസം വേണ്ടേ വേണ്ട. കാരണം കണക്കുകൂട്ടല്‍ അല്‍പമൊന്നു പിഴച്ചാല്‍ മതി വന്‍ ദുരന്തം സംഭവിക്കാന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!