ടിയാഗൊ, ആൾട്രോസ് പുത്തന്‍ എഡിഷനുകളുമായി ടാറ്റ

By Web TeamFirst Published Sep 14, 2020, 2:38 PM IST
Highlights

വിവിധ മോഡലുകൾക്കായി ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്‍സ്

വിവിധ മോഡലുകൾക്കായി ക്യാമോ, ഡാർക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്‍സ്. ടിയാഗൊ, ആൾ‌ട്രോസ് ഹാച്ച്ബാക്കുകൾ, വരാനിരിക്കുന്ന ഗ്രാവിറ്റാസ് 6/7 സീറ്റർ എസ്‌യുവി എന്നിവയ്‌ക്കാണ് ടാറ്റ മോട്ടോർസ് പുതിയ ശ്രേണി അവതരിപ്പിക്കുന്നത്. ടിഗോർ കോംപാക്റ്റ് സെഡാൻ, ടാറ്റ ടിയാഗൊ ഹാച്ച്ബാക്ക്, ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് എന്നിവയ്ക്ക് ഡാർക്ക് എഡിഷൻ ഒരുങ്ങുന്നത്. എന്നാൽ, ഗ്രാവിറ്റാസിന് കൂടാതെ ക്യാമോ ഏതെല്ലാം മോഡലുകളിൽ ലഭ്യമാകുമെന്ന വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനിൽ ടാറ്റ ക്യാമോ എഡിഷൻ ഒരുങ്ങുമെങ്കിലും ഡാർക്ക് എഡിഷൻ ഹാരിയർ ഡാർക്ക് പതിപ്പിന് സമാനമായ സ്പോർട്ടി ബ്ലാക്ക് കളർ ഓപ്ഷനാകും ലഭിക്കുക. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ പുതിയ മോഡലുകൾക്ക് ഏകദേശം 10,000 മുതൽ 30,000 രൂപ കൂടുതൽ ചെലവേറിയതാകുമെന്നാണ് സൂചന.

ഹാരിയറിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും വരാനിരിക്കുന്ന 6/7-സീറ്റർ ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവി . ഇത് ഹാരിയറിനേക്കാൾ വലുതും വിശാലവുമായിരിക്കും. 168 bhp കരുത്തിൽ 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിനാകും എസ്‌യുവിയുടെ കരുത്ത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഗ്രാവിറ്റാസ് എത്തും.

എപ്പോൾ ആണ് ഈ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ എത്തുമെന്ന ഔദ്യോഗിക വിവരങ്ങളും ടാറ്റ പങ്കുവെച്ചിട്ടില്ല. അതേസമയം, ഈ ഉത്സവ സീസണിൽ ഗ്രാവിറ്റാസ് ക്യാമോ ഒഴികെയുള്ള മോഡലുകൾ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍.

click me!