നിരത്തില്‍ കുതിക്കാന്‍ വരുന്നൂ, മെയിഡ് ഇന്‍ അര്‍ജന്‍റീനന്‍ ബുള്ളറ്റുകള്‍!

By Web TeamFirst Published Sep 14, 2020, 1:00 PM IST
Highlights

ചെന്നൈയ്ക്കു പുറത്ത് റോയൽ എൻഫീൽഡ് സ്ഥാപിക്കുന്ന ആദ്യ നിർമാണശാലയാണ് അർജന്റീനയിലേത്. 

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് നിർമാതാക്കളുടെ പുതിയ ബൈക്ക് അസംബ്ലിങ് യൂണിറ്റ് അർജന്റീനയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയ്ക്കു പുറത്ത് റോയൽ എൻഫീൽഡ് സ്ഥാപിക്കുന്ന ആദ്യ നിർമാണശാലയാണ് അർജന്റീനയിലേത്. 

അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനു സമീപം കംപാനയിൽ ഗ്രുപ്പൊ സിംപയ്ക്കുള്ള നിർമാണശാലയിലാണു റോയൽ എൻഫീൽഡിന്റെ അസംബ്ലിങ് പ്ലാന്റ് പ്രവർത്തിക്കുക. ഇന്ത്യയിൽ നിന്നു കിറ്റുകൾ ഇറക്കുമതി ചെയ്ത് കംപാനയിലെ ശാലയിൽ അസംബ്ൾ ചെയ്താവും റോയൽ എൻഫീൽഡ് ലാറ്റിൻ അമേരിക്കൻ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുക. ഗ്രുപ്പൊ സിംപയുമായി സഹകരിച്ചാണ് അർജന്റീനയിലെ അസംബ്ലി പ്ലാന്റ് യാഥാർഥ്യമാക്കിയത്. 2018 മുതൽ ബുള്ളറ്റ് ശ്രേണിയുടെ വിതരണക്കാരാണ് ഗ്രുപ്പൊ സിംപ. 

ഹിമാലയൻ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നീ മോഡലുകളാണ് ആദ്യഘട്ടത്തിൽ റോയൽ എൻഫീൽഡ് അർജന്റീനയിൽ അസംബിൾ ചെയ്യുക. ഈ മാസം തന്നെ അർജന്റീനയിൽ നിർമിച്ച ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണു റോയൽ എൻഫീൽഡിന്റെ പ്രതീക്ഷ. 

ബ്രസീലും അർജന്റീനയും കൊളംബിയയുമാണ് റോയൽ എൻഫീൽഡിന്‍റെ ലാറ്റിൻ അമേരിക്കയിലെ പ്രധാന വിപണികൾ.  അർജന്റീനയിൽ അഞ്ചു സ്റ്റോറുകൾ റോയൽ എൻഫീൽഡ് തുറന്നു കഴിഞ്ഞു. വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായി 31 സ്റ്റോറുകളും 40 റീട്ടെയ്ൽ ടച് പോയിന്റുകളുമാണു കമ്പനിക്കുള്ളത്. 

ആഗോളതലത്തിലാവട്ടെ അറുപതോളം രാജ്യങ്ങളിലാണു നിലവിൽ റോയൽ എൻഫീൽഡിന്റെ മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുന്നത്. 82 ബ്രാൻഡ് സ്റ്റോറുകൾക്കു പുറമെ ഇന്ത്യയ്ക്കു പുറത്ത് അറുനൂറ്റി അറുപതോളം ഡീലർഷിപ്പുകളും റോയൽ എൻഫീൽഡിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!