ആ സൂപ്പര്‍ ബൈക്കിനെയും അതേപടി കോപ്പിയടിച്ച് 'ചങ്കിലെ ചൈന' !

By Web TeamFirst Published Aug 16, 2019, 3:19 PM IST
Highlights

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജി310ജിഎസിനെ കോപ്പിയടിച്ച എവറസ്റ്റ് കയൂ 400X എന്ന അഡ്വഞ്ചര്‍ ബൈക്കാണ് ഈ നിരയിലെ പുതിയ അതിഥി.
 

എല്ലാ മേഖലയിലുമുള്ള ചൈനയുടെ കോപ്പിയടി കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനയുടെ പരിപാടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ചതിന് ചൈനീസ് വാഹന നിർമാതാവിനെതിരെ ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് അടുത്തിടെയാണ്. റേഞ്ച് റോവർ ഇവോക്കിനെ അനുകരിച്ച ചൈനീസ് നിർമാതാക്കളായ ജിയാങ്‍ലിങ് മോട്ടോഴ്‍സ് കോർപറേഷനെതിരെയായിരുന്നു ജെഎൽആറിന്റെ നിയമയുദ്ധം. 

എന്നാല്‍ ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയാണ് ചൈനീസ് കമ്പനികളെന്നാണ് ചൈനയില്‍ നിന്നും പുറത്തുവരുന്ന പുതിയ വാര്‍ത്തകളും വ്യക്തമാക്കുന്നത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജി310ജിഎസിനെ കോപ്പിയടിച്ച എവറസ്റ്റ് കയൂ 400X എന്ന അഡ്വഞ്ചര്‍ ബൈക്കാണ് ഈ നിരയിലെ പുതിയ അതിഥി.

മെക്കാനിക്ക് ഫീച്ചേഴ്‍സ് മാറ്റി നിര്‍ത്തിയാല്‍ ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ ജി 310 ജിഎസ് അഡ്വഞ്ചര്‍ മോഡലിന്റെ തനിപ്പകര്‍പ്പാണ് എവറസ്റ്റ് കയൂ 400X.ഫ്യുവല്‍ ടാങ്ക്,  മുന്നിലെ വലിയ വിന്‍ഡ്‌സ്‌ക്രീന്‍, ഹെഡ്‌ലാമ്പ്, നോക്കിള്‍ ഗാര്‍ഡ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ലഗേജ് പാനിയേഴ്‌സ്, ഓള്‍ ടെറൈന്‍ ടയര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ബിഎംഡബ്ല്യുവിനെ ഓര്‍മ്മിപ്പിക്കുന്നു. എന്തിനേറെപ്പറയുന്നു ഗ്രൗണ്ട് ക്ലിയറന്‍സും സീറ്റ് ഹൈറ്റും റൈഡിങ് പൊസിഷനും അതേപടി പകര്‍ത്തി. യഥാക്രമം 200 എംഎം, 790 എംഎം എന്നിങ്ങനെയാണ് ഇവ രണ്ടും.  മുന്നില്‍ 41 എംഎം ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ ട്വിന്‍ 296 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഒപ്പം സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്റേര്‍ഡായിട്ടുമുണ്ട്. 

എന്തുകൊണ്ടെന്നറിയില്ല, ബൈക്കിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ അല്‍പ്പം മാറ്റമുണ്ട്. 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു ജി 310 ജിഎസിന്റെ ഹൃദയം.  34 പിഎസ് പവറും 28 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.  എന്നാല്‍ 378 സിസി ട്വിന്‍ സിലിണ്ടര്‍ 8 വാള്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ചൈനീസ് മോഡലിന്‍റെ ഹൃദയം. 36 പിഎസ് പവറും 35 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്‍ടിക്കുന്നത്. ട്രാന്‍സ്‍മിഷന്‍ 6 സ്പീഡ് തന്നെയാണ്. 

മോഡലുകള്‍ തമ്മില്‍ സമാനതകളേറെയുണ്ടെങ്കിലും വിലയില്‍ വലിയ അന്തരമുണ്ടെന്നതും കൗതുകമാണ്. 29800 ചൈനീസ് യൂവാന്‍ (ഏകദേശം 2.9 ലക്ഷം രൂപ) എവറസ്റ്റ് കയൂവിന്റെ ചൈനയിലെ വില. എന്നാല്‍ 3.49 ലക്ഷം മുതലാണ് ബിഎംഡബ്ല്യു ജി310 ജിഎസിന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ലാന്‍ഡ് റോവറിന്‍റെ വിജയം ശ്രദ്ധേയമാകുന്നത്.

click me!