മകന്‍ മദ്യപിച്ച് വണ്ടിയോടിച്ചുണ്ടാക്കിയ അപകടം, ബിജെപി എംപിയുടെ നിലപാടിന് കൈയ്യടിച്ച് ജനം!

Published : Aug 16, 2019, 01:05 PM IST
മകന്‍ മദ്യപിച്ച് വണ്ടിയോടിച്ചുണ്ടാക്കിയ അപകടം, ബിജെപി എംപിയുടെ നിലപാടിന് കൈയ്യടിച്ച് ജനം!

Synopsis

 മകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ശ്രദ്ധേയമായ നിലപാടുമായി ബിജെപി എംപി രൂപ ഗാംഗുലി

കൊല്‍ക്കത്ത: മകന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ശ്രദ്ധേയമായ നിലപാടുമായി ബിജെപി എംപി രൂപ ഗാംഗുലി. മകനെ താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും എന്നാല്‍ ഈ സംഭവത്തില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി വ്യക്തമാക്കി.  നിയമം നിയമത്തിന്റെ വഴിക്ക് പോകും. പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്‍തുകൊണ്ടുള്ള ട്വീറ്റില്‍ രൂപ ഗാംഗുലി വ്യക്തമാക്കുന്നു. 

നടിയും ബിജെപി എംപിയുമായി രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്മെന്‍റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞു വരുന്നത് കണ്ട യാത്രക്കാര്‍ ഓടിമാറിയതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. 

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവം ന‍ടക്കുമ്പോള്‍  റോഡില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ആകാശ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിന്നീട് പിതാവെത്തിയാണ് പുറത്തെത്തിച്ചത്.

തുടര്‍ന്ന്  ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആകാശിനെ ചോദ്യം ചെയ്‍തു വരികയാണെന്നും പോലീസ് അറിയിച്ചു. 


 

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ