ആ പ്രവചനങ്ങള്‍ സത്യമാകുന്നു; വണ്ടിവാങ്ങാന്‍ ജനം ഇറങ്ങിത്തുടങ്ങി!

By Web TeamFirst Published May 28, 2020, 12:30 PM IST
Highlights

സംസ്ഥാനത്തെ വാഹന വിപണി ഉണരുന്നു. പുതിയ കാറുകള്‍ തേടി എത്തുന്നവരുടെ എണ്ണം കൂടുന്നു

വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വാഹന വിപണിയില്‍ ഉണര്‍വെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹന ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. വ്യക്തിഗത വാഹനങ്ങൾ പൊതുഗതാഗതത്തേക്കാൾ സുരക്ഷിതമാണെന്ന പുതിയ ചിന്തകളാണ് വാഹന വിപണിക്ക് ഗുണകരമാകുന്നതെന്നാണ് സൂചനകള്‍.

പുതിയ വാഹനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ എണ്ണം ലോക്ക് ഡൗണിന് മുമ്പുള്ളതിനെക്കാള്‍ കൂടിയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്ക് ഡൗണിനു മുമ്പ് ഓരോ ഷോറൂമിലും ദിവസവും ശരാശരി എണ്ണൂറോളം അന്വേഷണങ്ങള്‍ മാത്രമാണ് വന്നിരുന്നത്. എന്നാല്‍ ഈ സ്ഥാനത്ത് ഇപ്പോള്‍ 1200ല്‍ അധികം അന്വേഷണങ്ങള്‍ വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം വാങ്ങാന്‍ ഉറച്ചുതന്നെയാണ് മിക്കവരും അന്വേഷണം നടത്തുന്നതെന്നും അന്വേഷണം വില്പനയിലേക്ക് മാറുന്ന തോത് വര്‍ധിച്ചെന്നും ഈ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. കുതിച്ചുയരുന്ന ബുക്കിങ്ങിന്റെ എണ്ണവും ഈ സൂചനയാണ് നല്‍കുന്നത്.

മതിയായ പൊതുഗതാഗത സൗകര്യമില്ലാത്തതും പൊതുഗതാഗതത്തിന്റെ ചെലവ് വര്‍ധിച്ചതും ആളുകളെ സ്വന്തം വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ വില കുറഞ്ഞ മോഡലുകളോടാണ് ആളുകള്‍ക്ക് താത്പര്യം. മാസ ശമ്പളക്കാരാണ് ഇപ്പോള്‍ കാര്‍ വാങ്ങുന്നതില്‍ ഭൂരിഭാഗമെന്നും ചെറുകാറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്കു വേണ്ടി കാര്‍ വാങ്ങുന്നത് കൂടിയെന്നും അതുകൊണ്ടുതന്നെ ഓട്ടോമാറ്റിക് മോഡലുകള്‍ക്കുള്ള ഡിമാന്‍റ് വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കാര്‍ വില്പന ഇനിയും ഉയരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഭൂരിഭാഗം പ്രവസാകളും കാര്‍ ഉപയോഗിച്ച് ശീലിച്ചവരായതിനാല്‍ വില കുറഞ്ഞ മോഡലുകള്‍ ആണെങ്കിലും അവര്‍ ഏതെങ്കിലും വാഹനം വാങ്ങാനാണ് സാധ്യതയെന്നുമാണ് വാഹന വിപണിയിലെ കണക്കു കൂട്ടല്‍. 

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വാഹനവില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന നേരത്തെയുള്ള വിലയിരുത്തലുകളെ ശരിവയ്ക്കുന്നതാണ് ഈ പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറു കാറുകള്‍ അഥവാ ഹാച്ച് ബാക്കുകള്‍ക്കായിരിക്കും ഏറെ പ്രിയമെന്നാണ് കണക്കുകൂട്ടലുകള്‍. അടുത്തിടെ മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ ശീലിച്ചുവരുന്ന സാമൂഹിക അകലം പാലിക്കല്‍ വാഹനമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മാരുതി മേധാവിയുടെ കണക്കുകൂട്ടല്‍.

ഇനിമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുമെന്നും ഇത് വാഹനവിപണിക്ക് ഗുണകരമാകുമെന്നും ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു. 

"മറ്റൊരു യാത്രക്കാരനുമായി സ്ഥലം പങ്കിടാൻ ജനം ഭയപ്പെടും. അത് വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കും. ഇപ്പോഴുള്ള ഇതേ രീതിയില്‍ ആയിരിക്കില്ല ഭാവിയില്‍ രാജ്യം. വാങ്ങുന്നതിനോടുള്ള ആളുകളുടെ മനോഭാവം മാറും.” ഭാര്‍ഗവ പറയുന്നു.

ഈ അഭിപ്രായങ്ങളെ ശരിവയ്ക്കുന്നതാണ് കൊവിഡ് 19 ആദ്യം ഭീഷണി ഉയര്‍ത്തി കടന്നുപോയ ചൈനയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രോഗകാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഡിമാന്‍റാണ് ചൈനീസ് വാഹന വിപണിയില്‍ ഇപ്പോള്‍. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ 2020 ഫെബ്രുവരിയിലെ വാഹന വിൽപ്പന അഞ്ചിലൊന്നായിട്ടാണു കുറഞ്ഞത്.   ഒരു ഘട്ടത്തില്‍ 92 ശതമാനത്തോളം വില്‍പ്പന താഴ്ന്നിരുന്നു.  എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതോടെ സ്ഥിതി മാറി. വന്‍ തിരക്കാണ് ഇവിടെ വാഹന വിപണിയില്‍.

സ്വകാര്യ വാഹനം കൂടുതൽ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറു കാറുകളുടെ വിൽപനയിലും അന്വേഷണങ്ങളിലും വർദ്ധനവുണ്ടെന്നാണ് പറയുന്നത്. മിക്ക കുടുംബങ്ങളും തങ്ങളുടെ രണ്ടാമത്തെ കാറുകൾ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിലേക്ക് നയിക്കുകയാണ്. കൂടാതെ ചൈനയിലെ കാർ റെന്റൽ സർവീസുകളിലും യൂസ്‍ഡ് കാർ വിപണിയിലും തിരക്കേറുന്നതായാണ് സൂചനകള്‍. 

click me!