വാഹനാപകടം; സീറ്റ് ബെൽറ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

Published : Aug 24, 2019, 02:34 PM IST
വാഹനാപകടം; സീറ്റ് ബെൽറ്റില്‍ കുടുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

Synopsis

സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലുമായി മുറുകിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന്‍റെ പിൻസീറ്റിലിരുന്ന ഏഴു വയസുകാരൻ ശരീരത്തിൽ സീറ്റ് ബെൽറ്റ് കുടുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കിഴക്കേതലയ്ക്കൽ തോമസ് ജോർജിന്റെയും മറിയത്തിന്‍റെയും മകൻ ജോഹനാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തിരുവിഴയ്ക്കു സമീപം പുലർച്ചെ 3.30നായിരുന്നു അപകടം. 

ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലെ ഭാര്യയുടെ വീട്ടിലേക്ക് കാറില്‍ വരികയായിരുന്നു തോമസ് ജോർജും കുടുംബംവും. തോമസ് ജോർജ് ആണ് കാർ ഓടിച്ചിരുന്നത്. മാര്‍ത്താണ്ഡത്ത് നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്.  

തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയും മറ്റുയാത്രികരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകട്ടില്‍പ്പെട്ടവരെ പുറത്തെടുത്തത്.  ജോഹൻ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.  കുട്ടിയുടെ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകിയ നിലയിലായിരുന്നു. ശരീരത്തില്‍ സീറ്റ് ബെല്‍റ്റ് മുറുകിയ പാടുകള്‍ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. 

സീറ്റ് ബെല്‍റ്റ് നെഞ്ചിലും വയറ്റിലുമായി മുറുകിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സീറ്റ് ബെൽറ്റ് മുറുകിയതിന്‍റെ പാടുകള്‍ കൂടാതെ മറ്റു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.  പരിക്കേറ്റ തോമസ് ജോര്‍ജ്(36), ഭാര്യ മറിയം(32), ഇളയ മകള്‍ ദിയ(4) എന്നിവര്‍ ചികിത്സയിലാണ്. 

കാറിന്‍റെ മുന്നിലെ എയർ ബാഗുകൾ പുറത്തുവന്നതിനാലാണ് തോമസ് ജോർജും മറിയവും രക്ഷപ്പെട്ടത്. തോമസ് ജോർജിന്റെ കാലിനും മറിയത്തിന്റെ തലയിലും കൈയ്ക്കും പരുക്കുണ്ട്. ദിയയുടേതു നിസാര പരുക്കാണ്. ഡ്രൈവര്‍ സീറ്റിന്‍റെ പിന്നിലായിരുന്നു ജോഹൻ. ഈ ഭാഗത്തെ എയർ ബാഗ് പുറത്തുവന്നില്ലെന്നാണ് നിഗനമം. ഇടിയെത്തുടർന്നുണ്ടായ ആഘാതം ഈ ഭാഗത്തെ സെൻസറിൽ അനുഭവപ്പെടാത്തതിനാലാണ് ഈ എയർ ബാഗ് തുറക്കാതിരുന്നതെന്നാണ് കരുതുന്നത്. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ