നിയോസ് ഡീസല്‍ ബിഎസ്6 പതിപ്പുമായി ഹ്യുണ്ടായി

By Web TeamFirst Published Mar 12, 2020, 12:14 PM IST
Highlights

ഗ്രാന്‍ഡ് i10 നിയോസിന്റെ ഡീസല്‍ ബിഎസ്6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഗ്രാന്‍ഡ് i10 നിയോസിന്റെ ഡീസല്‍ ബിഎസ്6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 6.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മൂന്ന് വകഭേദങ്ങളിലാണ് നിയോസ് ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. ബിഎസ് 6 -ലേക്ക് എഞ്ചിന്‍ മാറ്റിയെങ്കിലും വിലയില്‍ മാറ്റമൊന്നും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി. 1.2 ലിറ്റര്‍ U2 CRDi ഡിസല്‍ എഞ്ചിനാണ് ബിഎസ്6ലേക്ക് നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 75 bhp കരുത്തും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

അഞ്ച് സ്പീഡ് മാനുവല്‍, എഎംടിയാണ് ഗിയര്‍ബോക്‌സ്. അതേസമയം പുതിയ പതിപ്പിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 26.2 കിലോമീറ്ററായിരുന്നു ബിഎസ്4 പതിപ്പിലെ ഇന്ധനക്ഷമത.

2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.  

ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്. 

click me!