മൈലേജ് കൂട്ടി മോഹവിലയില്‍ പുത്തന്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡറുമായി ഹീറോ

By Web TeamFirst Published Mar 1, 2020, 12:16 PM IST
Highlights

ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കി 2020 മോഡല്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 

ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കി 2020 മോഡല്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. രണ്ടു വേരിയന്‍റുകളിലാണ് വാഹനം എത്തുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് നല്‍കിയ വേരിയന്റിന് 67,300 രൂപയും മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക് ലഭിച്ച വേരിയന്റിന് 70,800 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 5,500 രൂപയോളം കൂടുതല്‍. 

സെല്‍ഫ് സ്റ്റാര്‍ട്ട്, അലോയ് വീലുകള്‍ എന്നിവ രണ്ട് വേരിയന്റുകള്‍ക്കും പൊതുവായി ലഭിച്ചു. ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത 125 സിസി എൻജിനാണ് പുത്തൻ സൂപ്പർ സ്‍പ്ലെൻഡറിന്റെ ഹൃദയം. ഐ3എസ് സാങ്കേതികവിദ്യയുള്ള ഈ എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 10.73 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 മോഡലില്‍ നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കി. ഹീറോ മോട്ടോകോര്‍പ്പിന്റെ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റം) സാങ്കേതികവിദ്യ പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് ലഭിച്ചു. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഐ3എസ്.

ഡബിള്‍ ക്രേഡില്‍ ഷാസിക്കു പകരം ഡയമണ്ട് ഫ്രെയിമിലാണ് 2020 മോഡല്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ ഷാസി നല്‍കിയതോടെ മോട്ടോര്‍സൈക്കിളിന്റെ അനുപാതങ്ങള്‍ വര്‍ധിച്ചു. ഗ്രൗണ്ട് ക്ലിയറന്‍സ് ഇപ്പോള്‍ 180 മില്ലിമീറ്ററാണ്. അതായത് മുന്‍ഗാമിയേക്കാള്‍ 30 എംഎം വര്‍ധിച്ചു. ഉയരം 20 ശതമാനം വര്‍ധിച്ചു. 

സിംഗിള്‍-പീസ് സീറ്റിന് 45 എംഎം നീളം വര്‍ധിച്ചു. മുന്നിലെ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ 15 എംഎം അധികം ട്രാവല്‍ ചെയ്യും. 14 ശതമാനം വര്‍ധന. പിറകിലെ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ 7.5 എംഎം അധികം ട്രാവല്‍ ചെയ്യും. 10 ശതമാനം വര്‍ധന. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കാണ് ടോപ് വേരിയന്റ് ഉപയോഗിക്കുന്നത്. ബേസ് വേരിയന്റിലെ രണ്ട് ചക്രങ്ങളിലും 130 എംഎം ഡ്രം ബ്രേക്ക് നല്‍കി. മികച്ച സ്റ്റോപ്പിംഗ് ലഭിക്കുന്നതിന് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സുരക്ഷാ ഫീച്ചറാണ്.

പുതിയ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം, പുതിയ ഗ്രാഫിക്‌സ്, ക്രോം അലങ്കാരങ്ങള്‍ എന്നിവ ഇപ്പോള്‍ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളിലെ കാഴ്ച്ചാപരമായ മാറ്റങ്ങളാണ്. നിലവിലെ ഗ്ലേസ് ബ്ലാക്ക്, ഹെവി ഗ്രേ, കാന്‍ഡി ബ്ലേസിംഗ് റെഡ് എന്നീ മൂന്ന് നിറങ്ങള്‍ കൂടാതെ പുതുതായി മെറ്റാലിക് നെക്‌സസ് ബ്ലൂ പെയിന്റ് സ്‌കീമിലും 2020 ബിഎസ് 6 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ലഭിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍.

ബിഎസ് 6 പാലിക്കുന്ന പാഷന്‍ പ്രോ, ഗ്ലാമര്‍, പ്ലെഷര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125, സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലുകള്‍ നേരത്തെ വിപണിയിലെത്തിച്ചിരുന്നു. ബിഎസ് 4 വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തിയെന്നും ബിഎസ് 6 വാഹനങ്ങള്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നും ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കി.

click me!