ഇറങ്ങും മുമ്പ് ബസെടുത്തു, വീട്ടമ്മയുടെ കാലു പോയി; ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ പകച്ച് സംസ്ഥാനം!

By Web TeamFirst Published Jan 21, 2020, 9:24 AM IST
Highlights

 തുടര്‍ന്ന് കാലിലൂടെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു

കൊല്ലം: കെഎസ്ആർടിസി ബസില്‍ നിന്നും ഇറങ്ങുന്നതിനും മുമ്പ് ബസ് മുന്നോട്ടെടുത്തതിന തുടര്‍ന്ന് വീണ വീട്ടമ്മയുടെ കാൽ മുറിച്ചു മാറ്റി. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം. 

തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിൽ ലോയ്ഡിന്റെ ഭാര്യ ഫിലോമിനക്കാണ് (50) ഇടതുകാല്‍ നഷ്‍ടമായത്. കഴിഞ്ഞ ചൊവ്വ പുലർച്ചെ കടവൂർ പള്ളിക്കു മുന്നിലായിരുന്നു അപകടം. കൊല്ലത്തേക്കു പോയ ബസ് കടവൂർ പള്ളിക്കു മുന്നിലെ സ്റ്റോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം. ഫിലോമിന സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുത്തു. 

ഇതോടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു. തുടര്‍ന്ന് കാലിലൂടെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ആദ്യം കാൽ, പാദത്തിനു മുകളിൽ വച്ചു മുറിച്ചു മാറ്റി. പക്ഷേ വീണ്ടും ഗുരുതരാവസ്ഥയിലായി. ഇതോടെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളിൽ വച്ചു മുറിച്ചു നീക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. 

അതേസമയം സംസ്ഥാനത്ത് സമാനമായ ബസ് അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. വയനാട്ടില്‍ ഇറങ്ങുന്നതിനു മുമ്പ് സ്വകാര്യ ബസ് മുന്നോട്ടെടുത്തിനെ തുടര്‍ന്ന് യുവതിക്ക് വീണുപരിക്കേറ്റിരുന്നു. ഇത് ചോദ്യം ചെയ്‍ത പിതാവിനെ ബസില്‍ നിന്നും തള്ളിയിട്ട ശേഷം കാലിലൂടെ ബസ് കയറ്റിയതും അടുത്തദിവസങ്ങളിലാണ്. 

സമാനമായ മറ്റൊരു ബസ് അപകടത്തില്‍ കാൽ മുറിച്ചു നീക്കിയ വയോധിക മരണത്തിന് കീഴടങ്ങി. മണർകാട് വെള്ളൂർ പോത്താനിക്കലായ തെക്കേക്കുറ്റ് അന്നമ്മ ചെറിയാൻ (85) ആണു മരിച്ചത്. ബസിടിച്ചു തെറിച്ചു വീണ് കാൽ മുറിച്ചു കളയേണ്ടിവന്ന അന്നമ്മ ചെറിയാൻ കോട്ടയം മെഡിക്കൽ കോളജ് ആശൂപത്രിയിൽ ചികിത്സയിലായിരുന്നു.  അന്നമ്മ ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് തട്ടി റോഡിൽ വീഴുകയായിരുന്നു. തുടര്‍ന്ന് അന്നമ്മയുടെ കാലിലൂടെ ചക്രം കയറിയിറങ്ങി. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ മന:പൂർവമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരം കേസ് എടുക്കും. 

click me!