അസമില്‍ മലയാളി ബസ് ജീവനക്കാരോട് ഗുണ്ടാപ്പിരിവ്, പിന്നില്‍ ബസുടമകളെന്നും ആരോപണം!

By Web TeamFirst Published May 18, 2021, 11:19 AM IST
Highlights

കേരളത്തിലെ ചില ട്രാവല്‍സുകളും ബസ് ഉടമകളുമാണ് അസമിലെ തദ്ദേശവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഗുണ്ടാപ്പിരിവിന് പിന്നിലെന്നും  E BULL JET എന്ന യൂടൂബേഴ്‍സ് ആരോപിക്കുന്നു

ദില്ലി: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ഇതര സംസ്ഥാനങ്ങളിലേക്കു പോയ സ്വകാര്യ ബസുകള്‍ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. തിരികെ കേരളത്തിലേക്കു മടങ്ങാനാകാതെ അസമില്‍ കേരളത്തില്‍ നിന്നുമുള്ള 400ൽ അധികം സ്വകാര്യ ബസുകളും ഇതിലെ തൊഴിലാളികളും രണ്ടാഴ്‍ചയോളമായി കുടുങ്ങിക്കിടക്കുന്ന വിവരം പ്രമുഖ യൂടൂബ് വ്ളോഗേഴ്‍സ് ആയ E BULL JET ആണ് റിപ്പോര്‍ട്ട് ചെയ്‍തത്. 

ബസ് ജീവനക്കാരെ ഏജന്‍റുമാർ കമ്പളിപ്പിച്ചെന്നും ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഈ ജീവനക്കാരെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുദിവസത്തിനകം തിരികെ വരാമെന്ന് പറഞ്ഞായിരുന്നു യാത്രയെന്നും തൊഴിലാളികള്‍ പറയുന്നു. അതേ സമയം അസമില്‍ കുടുങ്ങിക്കിടക്കുന്ന ബസ് തൊഴിലാളികളില്‍ നിന്നും ഗുണ്ടകളെ ഉപയോഗിച്ച് പണം തട്ടുന്നതായും  E BULL JET യൂട്യൂബേഴ്‍സ് ആരോപിക്കുന്നു. 

ജീവനക്കാര്‍ സ്വന്തം കയ്യില്‍ നിന്നും ദിവസ വാടക കൊടുത്താണ് ബസുകള്‍ പാര്‍ക്ക് ചെയ്‍തിരിക്കുന്നതെന്നും ഇവിടെ നിന്ന് പുറത്തു കടക്കണമെങ്കില്‍ വലിയ തുക ഗുണ്ടാപ്പിരിവ് നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ ചില ട്രാവല്‍സുകളും ബസ് ഉടമകളും തന്നെയാണ് അസമിലെ തദ്ദേശവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഗുണ്ടാപ്പിരിവിന് പിന്നിലെന്നും  E BULL JET യൂടൂബേഴ്‍സ് ആരോപിക്കുന്നു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള ബസുകളാണ് അസമില്‍ കുടുങ്ങിക്കിടക്കുന്നവയില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബങ്ങളെ കാണാതെ ദുരിതത്തിലാണ് ബസ് തൊഴിലാളികള്‍.  ഇതുസംബന്ധിച്ച് നിരവധി വീഡിയോകളും  E BULL JET പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോകള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്. സംഭവത്തില്‍ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!