ജനപ്രിയ കാര്‍ ഡിസൈനര്‍ പൊലീസ് പിടിയില്‍, ഞെട്ടലില്‍ വാഹനലോകം!

By Web TeamFirst Published Dec 30, 2020, 9:16 AM IST
Highlights

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ദിലിപ് ഛാബ്രിയയുടെ അറസ്റ്റ് ഞെട്ടലോടെയാണ് വാഹനലോകം കേട്ടത്. ബോളീവുഡിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡിസിയുടെ മോഡിഫൈഡ് വാഹനങ്ങളുടെ ആരാധകരായിട്ടുള്ളത്. 

മുംബൈ: ജനപ്രിയ കാര്‍ ഡിസൈനറും രാജ്യത്തെ പ്രശസ്‍ത കാര്‍ മോഡിഫിക്കേഷന്‍ സ്റ്റുഡിയോ ആയ ഡിസി സ്ഥാപകനുമായ ദിലിപ് ഛബ്രിയയെ പൊലീസ് അറസ്റ്റ് ചെയ്‍തു. വഞ്ചാനാകുറ്റത്തിനാണ് ഇദ്ദേഹത്തെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‍തിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലിപ് ഛാബ്രിയയുടെ സ്‌പോര്‍ട്‌സ് കാര്‍ DC അവന്തി പൊലീസ് സംഘം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അറസ്റ്റിന് കാരണമായ പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 467, 468, 471, 120(ബി), 34 എന്നീ വകുപ്പുകളാണ് ദിലിപിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞത് 40 കോടി രൂപയുടെ അഴിമതിയാണ് ഡിസി അവന്തി കാർ ഇടപാടിലൂടെ നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഒരേ എഞ്ചിൻ, ചേസിസ് നമ്പറുകളുള്ള ഡിസി അവന്തി സ്‌പോർട്‌സ് കാറിന്റെ ഒന്നിലധികം യൂണിറ്റുകൾ ചബ്രിയ അനധികൃതമായി വിൽക്കുകയായിരുന്നുവെന്നും കൂടാതെ ഒരു കാര്‍ ഉപയോഗിച്ച് നിരവധി വായ്‍പകൾ എടുക്കുകയും തുടർന്ന് ആ കാർ മൂന്നാം കക്ഷിക്ക് വിറ്റ് കബളിപ്പിക്കുകയും ചെയ്‍തതായും പൊലീസ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ, സ്വന്തം കമ്പനി രൂപകൽപ്പന ചെയ്‍ത കാറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് മുമ്പ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ (എൻ‌ബി‌എഫ്‌സി) വായ്പയെടുത്ത് ഛബ്രിയ വാങ്ങിയതായും പോലീസ് ആരോപിക്കുന്നു. 90 ല്‍ അധികം കാറുകൾ ഈ രീതിയിൽ വിറ്റതായി പൊലീസ് സംശയിക്കുന്നു. 

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ദിലിപ് ഛാബ്രിയയുടെ അറസ്റ്റ് ഞെട്ടലോടെയാണ് വാഹനലോകം കേട്ടത്. ബോളീവുഡിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡിസിയുടെ മോഡിഫൈഡ് വാഹനങ്ങളുടെ ആരാധകരായിട്ടുള്ളത്. ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെ രൂപത്തിലേക്ക് ഉടമകളുടെ ആവശ്യപ്രകാരം കാറുകള്‍ രൂപമാറ്റം ചെയ്ത് നല്‍കിയാണ് ദിലിപ് ഛാബ്രിയയും ഡിസിയും പ്രസിദ്ധമാകുന്നത്. 

പൊലീസ് പിടിച്ചെടുത്ത  DC അവന്തി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറായാണ് അറിയപ്പെടുന്നത്.  ഹിന്ദുസ്ഥാന്‍ അംബാസിഡറിന്റെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ നടത്താന്‍ വേണ്ട കിറ്റുകളുടെ കാര്യത്തിലും ഡിസി ഡിസൈന്‍ പ്രസിദ്ധമാണ്. ഭാവിയില്‍ വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ ലോക പ്രസിദ്ധ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനും ഡിസിയും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ വാഹന ഡിസൈന്‍ സ്ഥാപനം ആസ്റ്റണ്‍ മാര്‍ട്ടിനെ പോലുള്ള ഒരു കമ്പനിയുമായി കരാറിലെത്തുന്നത്. പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഡിസിയുടെ സേവനം ഉറപ്പുവരുത്തുന്നതായിരുന്നു ഈ കരാര്‍.
 

click me!