ഹാന്‍ഡ് ബ്രേക്കിടാതെ മീന്‍ വാങ്ങാന്‍ പോയി, ന്യൂട്രലില്‍ കിടന്ന കാര്‍ കായലില്‍ താഴ്‍ന്നു!

By Web TeamFirst Published May 22, 2020, 11:27 AM IST
Highlights

ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ ഉരുണ്ട് കായലിലേക്ക് വീണു. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം

ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ ഉരുണ്ട് കായലിലേക്ക് വീണു. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം. വെള്ളായണി കായലിന്റെ കാക്കമൂല ബണ്ട് റോഡിലാണ് അപകടം. 

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ട് നടപ്പാതയും കടന്ന് കായലില്‍ വീഴുകയായിരുന്നു. കാറില്‍ ആളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. മുങ്ങിയ കാര്‍ രണ്ടു മണിക്കൂര്‍ പരിശ്രമത്തിനുശേഷം അഗ്‌നിരക്ഷാ സേന ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്തു. 

പൂവാര്‍ കരുംകുളം സ്വദേശി രാജേന്ദ്രന്റെ കാറാണ് കായലില്‍ വീണത്. കായല്‍മീന്‍ വാങ്ങാനെത്തിയ രാജേന്ദ്രന്‍ കാര്‍ നിര്‍ത്തിയിട്ടശേഷം റോഡ് മുറിച്ചുകടന്നു. ഇതിനു പിന്നാലെ കാര്‍ പുറകോട്ട് നീങ്ങുകയും റോഡിന്റെ എതിര്‍വശത്തേക്കു കയറി കായലില്‍ വീഴുകയുമായിരുന്നു. 

കാര്‍ പിന്നോട്ട് പോകുന്നത് കണ്ട് അവിടെയുണ്ടായിരുന്നവര്‍ വിളിച്ചതിനെ തുടര്‍ന്ന് രാജേന്ദ്രന്‍ കാറിന്റെ ഡോര്‍ തുറന്ന് നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കായലില്‍ വീണ കാര്‍ താഴ്ന്നുപോകാതിരിക്കാന്‍ കായലില്‍ ഇറങ്ങി ചിലര്‍ കാറില്‍ കയര്‍ കെട്ടി. ചെളിയില്‍ പുതഞ്ഞിരുന്നതിനാല്‍ കാര്‍ ഭൂരിഭാഗവും മുങ്ങിയെങ്കിലും അടിയിലേക്കു പോയില്ല. 

സംഭവമറിഞ്ഞെത്തിയ നേമം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്തു നിന്നു അഗ്‌നിരക്ഷാ സേനയെത്തിയെങ്കിലും കാര്‍ പുറത്തെടുക്കാനായില്ല. പിന്നീട് കോവളത്തുനിന്ന് ക്രെയിന്‍ വരുത്തി കാര്‍ പൊക്കിയെടുത്ത് കരയ്ക്ക് കയറ്റുകയായിരുന്നു. 

ഗിയര്‍ ന്യൂട്രലിലായിരുന്ന കാറില്‍ ഹാന്‍ഡ് ബ്രേക്കും ഇട്ടിരുന്നില്ല. കാര്‍ പിന്നോട്ടുരുണ്ടു നീങ്ങിയ സമയത്ത് മറ്റ് വാഹനങ്ങള്‍ വരാത്തതും റോഡിനോടുചേര്‍ന്ന നടപ്പാതയില്‍ ആളില്ലാതിരുന്നതും കാരണം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കാര്‍ പാര്‍ക്ക് ചെയ്യേണ്ടത് ഏത് ഗിയറില്‍?

click me!