ഇടിച്ചിട്ട ബൈക്കുമായി കാര്‍ പാഞ്ഞു; പിടികൂടിയ നാട്ടുകാരോട് പ്ലസ്‍ടുക്കാരന്‍ ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെ!

By Web TeamFirst Published Mar 2, 2020, 9:21 AM IST
Highlights

ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. ഇടിച്ചിട്ട് വണ്ടി നിര്‍ത്താഞ്ഞതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ

ആലപ്പുഴ: കൂട്ടിയിടിക്കുന്നതിനിടെ അടിഭാഗത്ത്‌ കുരുങ്ങിയ ബൈക്കുമായി കാർ ഒരു കിലോമീറ്ററോളം ദൂരം  പാഞ്ഞു. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം. പകൽ രണ്ടോടെ ദേശീയപാതയിൽ പല്ലനയിൽനിന്ന് അമിതവേഗതയിലെത്തിയ കാർ മുന്നില്‍ പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരന്നു.  

ബൈക്ക് യാത്രികനായ തോട്ടപ്പള്ളി കാർത്തികയിൽ ശരത്‌(34) ആദ്യം കാറിൻറെ മുകളിലേക്കും പിന്നീട് റോഡിലേക്കും വീണു. നിര്‍ത്താതെപോയ കാര്‍ ബൈക്ക് വലിച്ചിഴച്ച് പാഞ്ഞു. കാറിന്റെ മുന്നില്‍ കുരുങ്ങി കിടക്കുന്ന നിലയിലായിരുന്നു ബൈക്ക്. ഒടുവില്‍ ഒരുകിലോമീറ്ററോളം അകലെ പുത്തന്‍നട വരെ കാര്‍ നിര്‍ത്താതെ പാഞ്ഞു. ഇതിനിടെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പുന്തല ക്ഷേത്രത്തിന് സമീപത്ത് വച്ച് വാഹനം പിടികൂടി. 

കാറോടിച്ച അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ റിസ്വാനെ (19) അമ്പലപ്പുഴ പൊലീസ് കസ്‌റ്റഡിയിലെടുത്തു.  ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. ഇടിച്ചിട്ട് വണ്ടി നിര്‍ത്താഞ്ഞതെന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നും ഓര്‍മയില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. നാലുമാസം മുമ്പാണ് ഇയാൾക്ക് ലൈസൻസ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവിങ് പരിചയത്തിലെ കുറവാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ബൈക്ക് യാത്രികന്‍ ശരത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

click me!