
ദില്ലി: വഴിയിലുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ ആളുകളെ ഇടിച്ചു തെറിപ്പിച്ചു. രാജ്യതലസ്ഥാനത്ത് അലിപുര്‍ പ്രദേശത്താണ് സംഭവം. കാര്‍ ഇടിച്ച് പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ പായുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. സംഭവത്തില്‍ അലിപുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒക്ടബോര്‍ 26നാണ് സംഭവം ഉണ്ടായത്.
ഒരു ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ പ്രദേശവാസികള്‍ കാര്‍ ഡ്രൈവറുടെ പ്രവര്‍ത്തിയില്‍ ഇടപെട്ടു. ഇത് വലിയ തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ കാര്‍ ഡ്രൈവര്‍ മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ച് കാര്‍ പായിക്കുകയായിരുന്നു. അലിപുര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും കാര്‍ ഡ്രൈവറടക്കം സ്ഥലത്ത് നിന്ന് പോയിരുന്നു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് നരേലയിലെ എസ്ആർഎച്ച്സി ആശുപത്രിയിൽ എത്തി പരിക്കേറ്റ മൂന്ന് പേരില്‍ നിന്ന് മൊഴി ശേഖരിച്ചു. പൊലീസ് പരാതിക്കാരനായ രാജ് കുമാറിന്‍റെ മൊഴിയുമെടുത്തു. സംഭവ ദിവസം വൈകുന്നേരം ഒമ്പത് മണിയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താന്‍ പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞു. ഈ സമയത്താണ് DL 11CC 5771 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ക്രെറ്റ എസ്‌യുവിയിൽ എത്തിയ ഒരാള്‍ ഒരു ആൺകുട്ടിയുമായി വഴക്കിടുന്നത് കണ്ടത്.
ഉത്സവ ദിനത്തിൽ തർക്കത്തിൽ ഏർപ്പെടാതിരിക്കാൻ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍, സമാധാനത്തോടെ കാര്യങ്ങള്‍ പറയുന്നതിനിടെ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ അതിവേഗം വണ്ടിയെടുത്ത് മൂന്ന് പേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് രാജ്കുമാര്‍ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ അലിപുര്‍ പൊലീസ് ഐപിസി 279/337 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഐപിസി 307-ാം വകുപ്പും എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്.