വില്‍പ്പന കുറഞ്ഞു, ഉല്‍പ്പാദനം കൂടി; കരകയറാതെ വണ്ടിക്കമ്പനികള്‍

By Asianet MalayalamFirst Published Dec 11, 2019, 3:30 PM IST
Highlights

 രാജ്യത്തെ വാഹനവിപണിയില്‍ ഇടിവ് തുടരുന്നു.

മുംബൈ: രാജ്യത്തെ വാഹനവിപണിയില്‍ ഇടിവ് തുടരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകള്‍ പ്രകാരം 17.92 ലക്ഷം വാഹനങ്ങളാണ് 2019 നവംബറില്‍ വിറ്റത്. 

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 20.38 ലക്ഷം യൂണിറ്റാണ് വില്പന നടത്തിയത്. അതായത് ആഭ്യന്തര വാഹന വില്പനയില്‍ നവംബര്‍ മാസം 12.05 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

പാസഞ്ചര്‍ കാര്‍ വില്പന 10.83 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പാസഞ്ചർ വാഹനങ്ങളുടെ വിൽ‌പന 266,000 ആയിരുന്നെങ്കില്‍ ഈ വര്‍ഷം സമാനകാലയളവില്‍ ഇത് 263,773 ആയി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വാണിജ്യ വാഹന വില്പന 14.98 ശതമാനവും കുറഞ്ഞു. അതേസമയം യൂട്ടിലിറ്റി വാഹന വില്പനയില്‍ 32.7 ശതമാനം വളര്‍ച്ചയുണ്ടായി. മുച്ചക്ര വാഹന വില്പന 4.45 ശതമാനവും ഉയര്‍ന്നു.

ഇരുചക്രവാഹന വില്പനയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമീണ മേഖലയിലെ ഉപഭോഗം കുറയുന്നതാണ് ഇരുചക്രവാഹന മേഖലയിലെ ഇടിവിന് കാരണം.

അതേയമയം വില്‍പ്പന കുറയുമ്പോഴും പാസഞ്ചര്‍ വാഹന ഉത്പാദനം നവംബറിൽ 4.06 ശതമാനം ഉയർന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബറിലെ യാത്രാ വാഹന ഉത്പാദനം 290,727 ആയി ഉയര്‍ന്നതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് റിപ്പോർട്ടിൽ പറയുന്നു. 

click me!