കോടിയേരിക്കൊപ്പം 'കൂപ്പറില്‍' കുടുങ്ങി; അമലയും ഫഹദും തലയൂരി, തടിയൂരാനാവാതെ സുരേഷ് ഗോപി!

By Web TeamFirst Published Dec 4, 2019, 1:03 PM IST
Highlights

എല്‍ഡിഎഫ് ജനജാഗ്രതായാത്രക്കിടയിലായിരുന്നു 2017 ഒക്ടോബര്‍ അവസാനവാരം  പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു മിനി കൂപ്പര്‍ ആഢംബര്‍ കാറില്‍ കോടിയേരിയുടെ വിവാദ യാത്ര.

തിരുവനന്തപുരം: ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്‍തതിന് സിനിമാതാരവും ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്‍തുവെന്നാണ് സുരേഷ് ഗോപിക്ക് എതിരെയുള്ള കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതിയും നൽകിക്കഴിഞ്ഞു. 

സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായും കേസുകളുണ്ടായിരുന്നു. സുരേഷ് ഗോപിയുള്‍പ്പെടെയുള്ള താരങ്ങള്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ കേസുകളില്‍ കുടുങ്ങുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍റെ ഒരു വിവാദ കാര്‍ യാത്രയോടെയാണ്. പലരും മറന്നുതുടങ്ങിയ ആ കഥ ഇങ്ങനെ. 

2017 ഒക്ടോബര്‍ അവസാനവാരമായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കാര്‍ യാത്ര വിവാദമാകുന്നത്.  എല്‍ഡിഎഫ് ജനജാഗ്രതായാത്രക്കിടയിലായിരുന്നു പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു മിനി കൂപ്പര്‍ ആഢംബര്‍ കാറില്‍ കോടിയേരിയുടെ വിവാദ യാത്ര. ഈ ആഡംബര വാഹനത്തിന്റെ ഉടമ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയാണെന്നും ആരോപണം ഉയര്‍ന്നു. 

എന്തായാലും ഇതോടെ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് കേരളത്തിലോടിച്ച് നികുതി വെട്ടിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയുമായി. അമലാ പോളും ഫഹദ് ഫാസിലും സുരേഷ് ഗോപിയുമുള്‍പ്പെടെയുള്ള താരങ്ങളുടെയും മറ്റ് പല സമ്പന്നരുടെയുമൊക്കെ പോണ്ടിച്ചേരി വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തും വന്നു. 

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. 

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന്‍ എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്‍തായിരുന്നു തട്ടിപ്പ്. 

പോണ്ടിച്ചേരിയിലെ വിലാസത്തിൽ 2010 ലും 2016 ലുമായി രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപി രജിസ്റ്റർ ചെയ്‍തത്. പോണ്ടിച്ചേരിയിലെ ഒരു ഫ്ലാറ്റിന്‍റെ മേല്‍വിലാസമാണ് വാഹനങ്ങള്‍ രജിസ്തര്‍ ചെയ്യാൻ സുരേഷ് ഗോപി നല്‍കിയത് . എന്നാൽ ഈ വീട്ടിൽ സുരേഷ് ഗോപി താമസിച്ചിട്ടില്ലെന്ന് ക്രൈ ബ്രാഞ്ച് കണ്ടെത്തി. പോണ്ടിച്ചേരിയിൽ വാടയയ്ക്കെടുത്ത വീടിന്‍റെ മേല്‍വിലാസത്തിലാണ് വാഹന രജിസ്ട്രേഷന്‍ എന്ന് സുരേഷ് ഗോപി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയിൽ കൃഷി ഭൂമിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. 

എന്നാല്‍ അമലാ പോളും ഫഹദ് ഫാസിലും കേസില്‍ നിന്നും ഒഴിവായതാണ് റിപ്പോര്‍ട്ടുകള്‍.  ഈ കേസുകള്‍ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്‍തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അമല പോൾ വാഹനം രജിസ്റ്റർ ചെയ്‍തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിൽ നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്‍മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.

എന്തായാലും പരിശോധനകള്‍ ശക്തമായതോടെ കേരളത്തിലെ റോഡ് നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തിൽ അടുത്തകാലത്ത് വൻ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!