മാര്‍പ്പാപ്പക്ക് കിടിലന്‍ മോഡിഫൈഡ് എസ്‍യുവി സമ്മാനിച്ച് ഒരു വണ്ടിക്കമ്പനി!

By Web TeamFirst Published Dec 4, 2019, 11:04 AM IST
Highlights

നിലവില്‍ വിപണിയില്‍ ലഭ്യമായ അഞ്ച് സീറ്റര്‍ വാഹനത്തിന് സമാനമാണെങ്കിലും പിന്‍സീറ്റ് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്. 

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ വക ഡസ്റ്റര്‍ എസ്‌യുവി സമ്മാനം. മാര്‍പ്പാപ്പക്കായി പ്രത്യേകം പരിഷ്‌കരിച്ച ഡാസിയ ഡസ്റ്ററാണ് കമ്പനി സമ്മാനിച്ചത്. വെളുത്ത നിറത്തിലുള്ളതാണ് പ്രത്യേകം  മോഡിഫൈ ചെയ്ത ഡസ്റ്റര്‍.

സാധാരണ ഡസ്റ്റര്‍ പോലെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ച ഡസ്റ്ററും. എന്നാല്‍ രണ്ടാം നിരയില്‍ പ്രത്യേക സുഖസൗകര്യത്തോടെ ബെഞ്ച് സീറ്റ് നല്‍കി. വലിയ സണ്‍റൂഫ്, റൂഫില്‍ സ്ഥാപിച്ച ഗ്രാബ് ഹാന്‍ഡിലുകള്‍, അഴിച്ചുമാറ്റാന്‍ കഴിയുന്ന ഗ്ലാസ് ബോക്‌സ് എന്നിവ സവിശേഷതകളാണ്. വാഹനത്തിനകത്ത് തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കി. എളുപ്പത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമായി സസ്‌പെന്‍ഷന്‍ 30 എംഎം താഴ്ത്തി.

നിലവില്‍ വിപണിയില്‍ ലഭ്യമായ അഞ്ച് സീറ്റര്‍ വാഹനത്തിന് സമാനമാണെങ്കിലും പിന്‍സീറ്റ് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്. വലിയ സണ്‍റൂഫ്, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡിലുകള്‍, മാര്‍പാപ്പയെ വ്യക്തമായി കാണാന്‍ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒപ്പം മാര്‍പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിലാണ് വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി സസ്‌പെന്‍ഷന്‍ 30mm താഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെതറില്‍ പെതിഞ്ഞ അകത്തളത്തിനൊപ്പം വെള്ള നിറമാണ് ഈ ഡസ്റ്ററിന് നല്‍കിയിരിക്കുന്നത്. ഡാസിയയുടെ പ്രോട്ടോടൈപ്, സ്‌പെഷല്‍ നീഡ്‌സ് വിഭാഗങ്ങളും റൊമാനിയന്‍ കോച്ച് നിര്‍മാതാക്കളായ റോംടുറിന്‍ഗ്യയും ചേര്‍ന്നാണ് ഡസ്റ്ററില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്.

റെനോ ഗ്രൂപ്പ് റൊമാനിയ മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റോഫ് ദ്രിഡിയാണ് വാഹനം വത്തിക്കാന് കൈമാറിയത്. സമ്മാനം കൈമാറുന്ന ചടങ്ങില്‍  റെനോ ഗ്രൂപ്പ് ഇറ്റലി ജനറല്‍ മാനേജര്‍ സേവ്യര്‍ മാര്‍ട്ടിനറ്റും പങ്കെടുത്തു.

ഇതാദ്യമല്ല ഡാസിയ വാഹനത്തിലെ പാപ്പയുടെ യാത്ര . 2016 -ലെ അര്‍മേനിയ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം ലോഗന്‍ സെഡാനായിരുന്നു. ആ കാറില്‍ പ്രത്യേക പരിഷ്‌കാരമൊന്നും വരുത്തിയിരുന്നുമില്ല. യുഎഇ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച കുഞ്ഞന്‍ കാറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നാലു പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന കിയയുടെ കുഞ്ഞന്‍ കാറായ സോളിലായിരുന്നു മാര്‍പാപ്പയുടെ യാത്രകള്‍. 

മുന്‍ഗാമികള്‍ പലരും മെഴ്‌സീഡിസ് ബെന്‍സും റേഞ്ച് റോവറും പോലുള്ള വിലയേറിയ കാറുകളിലും യാത്ര ചെയ്തിരുന്നു. അതേസമയം സ്ഥാനാരോഹണം മുതല്‍ ലാളിത ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുകയും അത് ജീവിച്ച് കാണിച്ചും കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വേറിട്ടു നില്‍ക്കുന്നത്.

2018ല്‍ പോപ്പ് ഫ്രാൻസിസിനായി ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി  പ്രത്യേകം രൂപകൽപ്പന ചെയ്‍ത് സമ്മാനിച്ച ലംബോർഗ്നി ‘ഹുറാകാൻ’ കൂപ്പെ ലേലത്തിൽ വിറ്റിരുന്നു. ലേലത്തില്‍ കിട്ടിയ 7.15 ലക്ഷം യൂറോയും (ഏകദേശം 5.76 കോടി രൂപ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് പോപ്പ് വീതിച്ചു നൽകിയത്. ഇറാഖിലെ നിനുവെ പ്ലെയിൻ സിറ്റി പുനഃനിർമ്മാണത്തിനായിരുന്നു മുഖ്യമായും ഈ തുക ഉപയോഗിച്ചത്. വീടുകളും പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുമൊക്കെ നിർമിച്ച് നല്‍കാനും മനുഷ്യക്കടത്ത് അടക്കമുള്ള അതിക്രമം നേരിട്ട വനിതകളെ സഹായിക്കാനും ഈ തുക ഉപയോഗിച്ചിരുന്നു.

അതുപോലെ അടുത്തിടെ തനിക്ക് സമ്മാനമായി ലഭിച്ച ഐക്കണിക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ സൂപ്പര്‍ ബൈക്കും പാപ്പ ലേലത്തില്‍ വിറ്റിരുന്നു. ഉഗാണ്ടയിലെ അനാഥരായ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാനായിരുന്നു  'ഹോളി ഡേവിഡ്‍സണ്‍' എന്നു വിശ്വാസികള്‍ വിശേഷിപ്പിച്ചിരുന്ന ഈ സൂപ്പര്‍ ബൈക്കിനെ ലേലം ചെയ്തത്.

2019 ജൂലൈയില്‍ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലിയുടെ ഏറ്റവും പുതിയ മോഡലായ പിയര്‍സെന്റ് വൈറ്റ് , ഫ്രാന്‍സിസ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. ബവേറിയന്‍ ആസ്ഥാനമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ വോര്‍സ്ബര്‍ഗ് വില്ലേജാണ് 'ജീസസ് ബൈക്കേഴ്‌സു'മായി ചേര്‍ന്ന് പാപ്പയ്ക്കുവേണ്ടി ഈ ബൈക്ക് രൂപകല്‍പ്പന ചെയ്‍തത്. മുള്‍കിരീടത്തിന്റെ പകര്‍പ്പും സ്വര്‍ണം പൂശിയ കുരിശുമാണ് ഈ ബൈക്കിന്റെ സവിശേഷത.

എന്നാല്‍ ഈ ബൈക്ക് ലേലം ചെയ്യാനും ഈ ലേലത്തുക ഉപയോഗിച്ച് ഉഗാണ്ടയില്‍ ഒരു ഓര്‍ഫനേജും സ്‌കൂളും നിര്‍മിക്കാനുമായിരുന്നു മാര്‍പ്പാപ്പയുടെ തീരുമാനം. ഉഗാണ്ടയിലെ അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് ഇവിടെ അഭയം നല്‍കാനുമായിരുന്നു പാപ്പയുടെ നിര്‍ദ്ദേശം.  

click me!