'മുകളിലിരുന്നവൻ' എല്ലാം കണ്ടു, പക്ഷേ വാഹനം തേടിയിറങ്ങിയ പൊലീസ് ഞെട്ടി! കോടികളുടെ ക്യാമറകളെ പറ്റിച്ച് വാഹന മോഷ്‍ടാക്കളുടെ പഴയ തന്ത്രം!

Published : Jul 15, 2026, 12:27 PM IST
Vehicle Theft

Synopsis

റായ്പൂരിൽ വാഹന മോഷ്ടാക്കൾ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് അത്യാധുിനിക എഎൻപിആർ ക്യാമറകളെപ്പോലും കബളിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി. ഈ ലളിതമായ തന്ത്രം സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളുടെ പോരായ്മകൾ തുറന്നുകാട്ടുകയും, നമ്പർ പ്ലേറ്റ് സ്കാനിംഗിനപ്പുറം ചാസിസ് നമ്പർ പോലുള്ള പരിശോധനകളുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു.

സ്‍മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടും വാഹന മോഷ്‍ടാക്കൾ കണ്ടെത്തിയ പുതിയ തന്ത്രം പൊലീസിന് തലവേദനയാകുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളെ പോലും മറികടന്ന് മോഷ്‍ടിച്ച വാഹനങ്ങൾ നഗരത്തിലൂടെ സഞ്ചരിക്കുന്നത് വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ് റായ്പൂർ പൊലീസ്. വാഹന മോഷണക്കേസിൽ പിടിയിലായ സ്ഥിരം കുറ്റവാളി അഭിഷേക് റായ് എന്ന ജീതുവിന്റെ ചോദ്യം ചെയ്യലിലാണ് സാങ്കേതിക സംവിധാനത്തിലെ ഈ പോരായ്മ പുറത്തുവന്നത്.

നമ്പർ പ്ലേറ്റ് മാറ്റിയാൽ ക്യാമറകൾക്കും തിരിച്ചറിയാനാകില്ല

വിദാൻസഭ മേഖലയിൽ നിന്ന് ആന്റി-ക്രൈം ആൻഡ് സൈബർ യൂണിറ്റാണ് അഭിഷേക് റായിയെ പിടികൂടിയത്. ബാലാജി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച വാഹനത്തിന്റെ യഥാർഥ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി പകരം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്ന രീതിയാണ് ഇയാളും സഹോദരനും പിന്തുടർന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. എഎൻപിആർ ക്യാമറകൾ പ്രധാനമായും വാഹന നമ്പറുകൾ സ്‍കാൻ ചെയ്താണ് വിവരങ്ങൾ കണ്ടെത്തുന്നത്. അതിനാൽ യഥാർഥ രജിസ്ട്രേഷൻ നമ്പർ മാറ്റിയാൽ മോഷ്ടിച്ച വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു.

സ്‍മാർട്ട് ക്യാമറകൾക്ക് മുന്നിൽ പഴയ തന്ത്രം

കോടികൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയല്ല, മറിച്ച് ലളിതമായ നമ്പർ പ്ലേറ്റ് മാറ്റമാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത് എന്നതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. വാഹനങ്ങളിൽ കൃത്രിമ മാറ്റങ്ങൾ തടയാൻ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, യഥാർഥ പരിശോധനകൾ ഇല്ലെങ്കിൽ വ്യാജ പ്ലേറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടരാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

ഭാവിയിൽ ചാസിസ് നമ്പർ പരിശോധന നിർണായകം

വാഹന മോഷണം തടയാൻ നമ്പർ പ്ലേറ്റ് സ്‍കാനിങ് മാത്രം മതിയാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാന പരിശോധനാ കേന്ദ്രങ്ങളിൽ വാഹനത്തിന്റെ ചാസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ രജിസ്ട്രേഷൻ വിവരങ്ങളുമായി നേരിട്ട് പരിശോധിക്കുന്ന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. എന്തായാലും സ്‍മാർട്ട് സിറ്റി പദ്ധതികളുടെയും മറ്റും ഭാഗമായി രാജ്യത്തെ പല വൻ നഗരങ്ങളിലും സ്ഥാപിച്ച എഎൻപിആർ ക്യാമറകൾക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹന മോഷണം.

PREV
Read more Articles on
click me!

Recommended Stories

ബൈക്കിലെത്തി കൈവീശി കാറിലടിച്ചു, കാര്യം തിരക്കിയതോടെ കുപ്പിയെടുത്ത് വീശിയടിച്ചു; ഭാര്യയ്ക്കൊപ്പം യാത്ര ചെയ്ത ബിസിനസുകാരന് നേരെ യുവാക്കളുടെ ആക്രമണം
ബൈക്ക് പാർക്ക് ചെയ്ത് ബസിൽ പോകുന്നവരെ നോട്ടമിടും; മണിക്കൂറുകൾക്കകം മോഷണം, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കറങ്ങിയ വൻ സംഘം പിടിയിൽ