
വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഓട്ടോ കാര്‍ ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ തലമുറയില്‍പ്പെട്ട 'അഡ്വാന്‍സ്‍ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സ്റ്റോറേജ്' സംവിധാനം ശക്തിപ്പെടുത്താനാണ് 18,100 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന സംവിധാനമാണ് അഡ്വാൻസ്‍ഡ് കെമിസ്ട്രി സെൽ. ഇവയുടെ ഉൽപാദനം വർധിപ്പിക്കാനും ഉൽപാദന ബന്ധിത ആനുകൂല്യങ്ങൾ നൽകാനുമാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇതുവഴി എസിസിയുടെ ഉത്പാദനം കൂട്ടുകയും ഇറക്കുമതി കുറയ്ക്കുകയുമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പാക്കുകളുടെ വില കുത്തനെ കുറഞ്ഞേക്കും എന്നാണ് വിലയിരുത്തല്‍.
ഹെവി ഇൻഡസ്ട്രി വകുപ്പിന്റെ ശുപാർശ പ്രകാരമാണ് പുതിയ നീക്കം. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുക. ആഗോള തലത്തിലേക്ക് ഉൽപാദനം ഉയർത്തിക്കൊണ്ടുവരാനാണ് ആനുകൂല്യങ്ങൾ നൽകുക. ടെൻഡറിലൂടെയായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക. ഉത്പാദനവും വില്‍പ്പനയും അടിസ്ഥാനമാക്കി ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് സാമ്പത്തികസഹായം നല്‍കും. ആനുകൂല്യം ലഭിക്കുന്നവർ രണ്ടു വർഷത്തിനകം ഉൽപാദനം ആരംഭിക്കണം. പിന്നീടുള്ള 5 വർഷത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
ഇലക്ട്രിക് എനര്‍ജി, ഇലക്ട്രോ കെമിക്കല്‍ എനര്‍ജിയായോ കെമിക്കല്‍ എനര്‍ജിയായോ സൂക്ഷിച്ചുവെക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ച് ഇലക്ട്രിക് എനര്‍ജിയായി മാറ്റുകയുംചെയ്യുന്ന പുതിയ സംവിധാനമാണ് എസിസി . ഇലക്ട്രിക് വാഹനങ്ങള്‍, വൈദ്യുതഗ്രിഡുകള്‍, കെട്ടിടങ്ങള്‍ക്ക് മുകളിലെ സൗരോര്‍ജ ഉത്പാദനം, റെയില്‍വേ, ഷിപ്പിങ്, ഡീസല്‍ ഉത്പാദനം, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉത്പാദനം തുടങ്ങി വിവിധ മേഖലകളിലും വിപ്ലവകരമായ മാറ്റമായിരിക്കും ഈ സംവിധാനം വഴി ഉണ്ടാകുക. സൗരോര്‍ജ പാനലുകള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളിലും ഉപയോഗിക്കാന്‍ ഈ സ്റ്റോറേജ് സംവിധാനംവഴി സാധിക്കും.
എസിസി ബാറ്ററികൾക്കുള്ള ദേശീയ പദ്ധതി നടപ്പാക്കുമ്പോൾ ഈ മേഖലയിൽ രാജ്യം സ്വയംപര്യാപ്‍തത കൈവരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 50,000 മെഗാവാട്ട് വൈദ്യുതിക്കുള്ള എസിസി രാജ്യത്തുണ്ടാക്കുകയാണ് ലക്ഷ്യം. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 45,000 കോടിരൂപയുടെ നിക്ഷേപമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനമേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ശക്തിപ്പെടുത്തുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങളും സാധ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona