മഹീന്ദ്രയും ടാറ്റയും വേണ്ട, ഈ വണ്ടികള്‍ വാങ്ങാന്‍ കേന്ദ്രം, വണ്ടിയൊന്നിന് വില 24 ലക്ഷം!

By Web TeamFirst Published Oct 22, 2019, 10:46 AM IST
Highlights

സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി ഈ വണ്ടികള്‍ വാങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണമായി ഇലക്ട്രിക്ക് വാഹനങ്ങളാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നം. ഈ സ്വപ്‍നത്തിന് ബലം പകര്‍ന്നാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന കോനയെ ഈ ജൂലൈ ആദ്യം ഹ്യൂണ്ടായ് അവതരിപ്പിച്ചത്. 

ഇപ്പോഴിതാ കോനക്ക് പ്രാരംഭ ഓര്‍ഡര്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗപ്പെടുത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.  മഹീന്ദ്ര ഇ-വെരിറ്റോ, ടാറ്റ ടിഗോര്‍ ഇവി എന്നീ ഇലക്ട്രിക് കാറുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (EESL) നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ വാഹനങ്ങളെ മറികടന്നാണ് കോനയ്ക്കുള്ള പുതിയ ഓര്‍ഡര്‍ എന്നതും ശ്രദ്ധേയമാണ്. 

അതേസമയം എത്ര യൂണിറ്റ് ഇലക്ട്രിക് കോനയ്ക്കാണ് ആദ്യ ഓര്‍ഡര്‍ എന്നതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നിലവില്‍ ടാറ്റ ടിഗോറിന്റെ 500 യൂണിറ്റും മഹീന്ദ്ര ഇ-വെരിറ്റോയുടെ 1000 യൂണിറ്റുകളുമാണ് ഇഇഎസ്എല്ലിന് കൈമാറിയിട്ടുള്ളത്. 2017 സെപ്‍തംബറില്‍ 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള ഓര്‍ഡറാണ് രണ്ട് കമ്പനികള്‍ക്കും കൂടി ഇഇഎസ്എല്‍ നല്‍കിയിരുന്നത്. 2020 മാര്‍ച്ചോടെ ഇഇഎസ്എല്‍ ഇത് 3000 യൂണിറ്റാക്കി കുറയ്ക്കുമെന്നും സൂചനയുണ്ട്.

ടിഗോര്‍ ഇലക്ട്രിക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്. 23.71 ലക്ഷം രൂപയാണ് ഇതിന്റെ വില. അതേസമയം ടിഗോര്‍, വെരിറ്റോ എന്നിവയെക്കാള്‍ മൂന്നിരട്ടിയോളം അധിക ഇലക്ട്രിക് റേഞ്ച് കോനയ്ക്കുണ്ട്. ഒറ്റചാര്‍ജില്‍ 472 കിലോമീറ്റര്‍ ദൂരം നിഷ്പ്രയാസം കോന പിന്നിടും. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയുടെ ഓട്ടച്ചിലവ്. 

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച ഈ വാഹനം സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കും. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനക്കും. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 

25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറയുകയായിരുന്നു. 

click me!