വാഹന നി‍ർമ്മാണം പ്രതിസന്ധിയിൽ, ചൈനയുടെ നിരോധനത്തിന് കേന്ദ്രത്തിന്‍റെ മറുപണി, പുതിയ പദ്ധതി ഇങ്ങനെ

Published : Jun 26, 2025, 11:04 AM IST
 India's ₹1000 Crore Plan to Produce Rare Earth Magnets and End China Dependency

Synopsis

ചൈന അപൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതി നിരോധിച്ചതിനാൽ ഉണ്ടായ പ്രതിസന്ധി നേരിടാൻ ഇന്ത്യ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനൊരുങ്ങുന്നു. 

ചൈന അപൂർവ എ‍ർത്ത് മാഗ്‍നറ്റുകളുടെ കയറ്റുമതി നിരോധിച്ചതുമുതൽ ആഗോള വാഹന വ്യവസായം പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയും ഈ ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല. ചൈനയുടെ ശക്തമായ സ്വാധീനം കാരണം, ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ, ടെക്, ഇലക്ട്രോണിക്സ് മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ പുതിയ നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ആഭ്യന്തര അപൂർവ എർത്ത് മാഗ്നറ്റ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ സർക്കാരിന്‍റെ നീക്കം. രാജ്യത്ത് അപൂർവ ഭൗമ കാന്തങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സബ്‌സിഡി പദ്ധതി തയ്യാറാക്കി വരികയാണെന്നും അടുത്ത 15 മുതൽ 20 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോ‍ർട്ട് ചെയ്യുന്നു. സബ്സിഡിയുടെ കൃത്യമായ അളവ് നിർണ്ണയിക്കാൻ നിലവിൽ പങ്കാളികളുമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

നിലവിലെ സാഹചര്യത്തെ നേരിടാൻ, ഇന്ത്യ ഇപ്പോൾ ആഭ്യന്തരമായി കാന്തങ്ങൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനി ഈ ദിശയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഈ വർഷം ഡിസംബറോടെ 500 ടൺ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ആഭ്യന്തര ഉത്പാദനം പൂർണ്ണമായും ആരംഭിക്കുന്നതുവരെ ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ ബദലുകളിൽ നിന്ന് കാന്തങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും റിപ്പോ‍ട്ടുകൾ ഉണ്ട്.

ഇന്ത്യയിൽ ഈ അപൂർവ ധാതുക്കൾ ഉത്പാദിപ്പിക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്ന് ഘന വ്യവസായ മന്ത്രാലയ സെക്രട്ടറി കമ്രാൻ റിസ്വി പറഞ്ഞു. അതുവരെ, ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒരു താൽക്കാലിക പരിഹാരമായി തുടരും. ജപ്പാനിലും വിയറ്റ്നാമിലും അപൂർവ എർത്ത് മാഗ്നറ്റുകൾ ഉണ്ടെന്നും അവിടെ നിന്നും അത് സംഭരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ അവതരിപ്പിക്കുന്ന സബ്‌സിഡി പദ്ധതി പ്രകാരം, അപൂർവ എർത്ത് ഓക്‌സൈഡുകളെ കാന്തങ്ങളാക്കി മാറ്റാൻ കഴിയുന്ന സംസ്‌കരണ പ്ലാന്റുകൾ നിർമ്മിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകും. ഇത് ഇന്ത്യയിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തുക മാത്രമല്ല, ഇലക്ട്രിക് മൊബിലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ മുഴുവൻ പദ്ധതിയുടെയും ചെലവ് സംബന്ധിച്ച് നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്. പ്രോത്സാഹന തുക 1,000 കോടി രൂപയിൽ കുറവാണെങ്കിൽ, ഘന വ്യവസായ മന്ത്രിക്കും ധനമന്ത്രിക്കും സംയുക്തമായി പദ്ധതി അംഗീകരിക്കാമെന്ന് റിസ്‌വി വ്യക്തമാക്കി. എന്നാൽ ഈ തുക 1,000 കോടി രൂപയിൽ കൂടുതലാണെങ്കിൽ, അത് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. ഈ നടപടി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, ആഗോള ഇലക്ട്രോണിക്സിലും ഇലക്ട്രിക് വാഹനങ്ങളിലും ഇന്ത്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.

ഇലക്ട്രിക് വാഹനങ്ങളുടെയും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ അപൂർവ എർത്ത് മാഗ്നറ്റുകളായ നിയോഡൈമിയം-അയേൺ-ബോറോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ സഹായത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ ട്രാക്ഷൻ മോട്ടോറും പവർ സ്റ്റിയറിംഗ് മോട്ടോറും പ്രവർത്തിക്കുന്നത്. എന്നാൽ ഇതുവരെ ഇന്ത്യയിൽ അവയുടെ ഉത്പാദനം പരിമിതമായിരുന്നു. ഇതുമൂലമാണ് ചൈന പോലുള്ള വലിയ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നത്.

ഈ വർഷം ഏപ്രിലിൽ പ്രധാന ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനീസ് സർക്കാർ തീരുമാനം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഓട്ടോമൊബൈൽ, സെമികണ്ടക്ടർ ചിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിൽ വ്യാപകമായ തടസ്സമുണ്ടാക്കി.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ