ഈ വാഹനങ്ങളുടെ വില കുത്തനെ കുറയും, നിര്‍ണായക നീക്കവുമായി കേന്ദ്രം!

By Web TeamFirst Published Jun 14, 2021, 9:34 AM IST
Highlights

പുതിയ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര വ്യവസായ വകുപ്പ്

ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. കേന്ദ്ര വ്യവസായ വകുപ്പ് കഴിഞ്ഞയാഴ്​ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്​ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്​സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്​. 

കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെത്തുന്നത് ഉറപ്പാക്കുന്നതിനാണ് പദ്ധതി. പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി വര്‍ധിപ്പിച്ചു. ഇതോടെ ഇത്തരം വാഹനങ്ങളുടെ വില ഗണ്യമായി കുറയും. ഘന വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ട് ഔറിനും നല്‍കിവരുന്ന സബ്‌സിഡി 15,000 രൂപയായി വര്‍ധിപ്പിച്ചു. പഴയ സബ്‌സിഡി തുകയേക്കാള്‍ 5,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.

എന്നാല്‍ ഫെയിം 2 സബ്​സിഡിക്ക്​ യോഗ്യതനേടുന്നതിന്​ ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്​ചയിച്ചിട്ടുണ്ട്​. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ്​ ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്​.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിലയുടെ 40 ശതമാനം വരെ ആനുകൂല്യം ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ ഇലക്ട്രിക് ബസ്സുകളും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും സംഭരിക്കും. മൂന്ന് ലക്ഷം ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ സംഭരിക്കണമെന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിനാണ് (ഇഇഎസ്എല്‍) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മാത്രമല്ല, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, സൂരത് (സൂററ്റ്) അഹമ്മദാബാദ്, ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നീ ഒമ്പത് നഗരങ്ങളുടെ ഇലക്ട്രിക് ബസ് ഡിമാന്‍ഡ് കൈകാര്യം ചെയ്യുന്നത് ഇഇഎസ്എല്‍ ആയിരിക്കും.

രണ്ടാം ഘട്ട ഫെയിം പദ്ധതിയില്‍ (ഫെയിം 2) സബ്‌സിഡി നല്‍കുന്നതിന് പതിനായിരം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇരുചക്ര വാഹനങ്ങളാണ്. എന്നാല്‍ ഈ പദ്ധതി അനുസരിച്ച് അര്‍ഹരായ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സബ്‌സിഡി ലഭിക്കുന്നത്. ഒരു തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ സഞ്ചരിക്കുന്നതും മണിക്കൂറില്‍ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കില്‍ അതിനുമുകളില്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്.

പുതിയ ഉത്തരവ് വന്നതോടെ, വിലക്കുറവ് പ്രഖ്യാപിച്ച ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി മാറി. ഏഥര്‍ 450എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ 14,500 രൂപയുടെ കുറവാണ് വരുത്തിയത്. ഏഥര്‍ 450 പ്ലസ് സ്‌കൂട്ടറിന്റെയും വില കുറയും. ഏഥര്‍ 450എക്‌സ് സ്‌കൂട്ടറുകള്‍ക്ക് ഇനി ഏകദേശം 1.35 ലക്ഷം രൂപയിലായിരിക്കും എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വില ഏഥര്‍ എനര്‍ജി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ​കേന്ദ്ര സർക്കാർ ഫെയിം 2 സബ്​സിഡികൾ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രമുഖ ഇ വി സ്​കൂട്ടർ നിർമാതാക്കളെല്ലാം ഉത്​പന്ന നിരയുടെ വില കുറയ്ക്കുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!