
ഈ ദീപാവലക്ക് ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്ക് നൽകിയ സമ്മാനം നെറ്റിസൺസിനെ മുഴുവൻ അത്ഭുതപ്പെടുത്തിയിരിക്കുന്നു. 51 എസ്‍യുവികൾ ആണ് ആ സമ്മാനം. ചണ്ഡീഗഢ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എംഐടിഎസ് ആണ് ഈ സമ്മാനം നൽകിയത്. കമ്പനിയുടെ സ്ഥാപകനും ഉടമയുമായ എംകെ ഭാട്ടിയ നേരിട്ട് കാറുകളുടെ താക്കോൽ കൈമാറുന്ന വീഡിയോ ആണ് വൈറലാകുന്നത്. മഹീന്ദ്ര സ്കോർപിയോ-എൻ ഉൾപ്പെടെയുള്ള എസ്‌യുവികൾ 51 ജീവനക്കാർക്ക് അദ്ദേഹം സമ്മാനിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ചണ്ഡീഗഢ് കേന്ദ്രത്തിൽ ദീപാവലി ആഘോഷിച്ചതിന് ശേഷം, മിറ്റ്‌സ് ഗ്രൂപ്പിലെ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് ആഡംബര എസ്‌യുവികൾ സമ്മാനമായി നൽകിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കാണ് കമ്പനി ഈ വാഹനങ്ങൾ സമ്മാനിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഈ ദീപാവലി സമ്മാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം കമ്പനി ജീവനക്കാർക്ക് ഇങ്ങനെയുള്ള കിടിലൻ സമ്മാനങ്ങൾ നകുന്നത് ഇതാദ്യമല്ല. മുൻ വർഷങ്ങളിൽ, ദീപാവലിക്ക് അവർ ജീവനക്കാർക്ക് വിവിധ വാഹനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ സ്വന്തം കഥ അവിശ്വസനീയമാംവിധം പ്രചോദനാത്മകമായതിനാൽ കമ്പനിയുടെ ഈ നീക്കം കൂടുതൽ സവിശേഷമായി കണക്കാക്കപ്പെടുന്നു. സ്ഥാപകനായ എം.കെ. ഭാട്ടിയ 2002 ൽ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തുടങ്ങിയത്, പക്ഷേ അദ്ദേഹത്തിന് കാര്യമായ നഷ്ടം സംഭവിച്ചു. അദ്ദേഹം പാപ്പരാകാൻ തുടങ്ങി, പക്ഷേ അദ്ദേഹം സ്ഥിരോത്സാഹത്തോടെ 2015 ൽ മിറ്റ്സ് ഗ്രൂപ്പ് ആരംഭിച്ചു. ഇന്ന്, ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 12 കമ്പനികൾ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.
സോഷ്യൽ മീഡിയയിൽ, ഭാട്ടിയയുടെ ഈ പ്രവൃത്തി വൈറലായി മാറിയിരിക്കുകയാണ്, നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിന്റെ അത്ഭുതകരമായ ഉദാരമതി പ്രവൃത്തിയെ പ്രശംസിച്ചു.