മഹീന്ദ്ര ഥാറില്‍ ബൊലേറോ 'ചാലിച്ച്' ജീപ്പുണ്ടാക്കി ചങ്കിലെ ചൈന; വില്‍പ്പന പാക്കിസ്ഥാനില്‍ തകൃതി!

By Web TeamFirst Published Oct 10, 2021, 3:50 PM IST
Highlights

ഈ വണ്ടിയുടെ  മുഖ്യ മാര്‍ക്കറ്റ് പാക്കിസ്ഥാനാണെന്നതാണ് മറ്റൊരു കൌതുകം. 

ചൈനയുടെ കോപ്പിയടി (Chinese Copycat) പല മേഖലകളിലും കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും.  വാഹന മോഡലുകളിലെ ചൈനീസ് കോപ്പിയടിക്ക് നിരവധി ഇരകളുണ്ട് വാഹനലോകത്ത്.   ഒറിജിനലിനെക്കാള്‍ കുറഞ്ഞവിലയില്‍ ലഭിക്കുമെന്നതിനാല്‍  പാക്കിസ്ഥാന്‍ (Pakistan), ബംഗ്ലാദേശ് (Bangladesh), നേപ്പാൾ (Nepal) തുടങ്ങിയ ചില രാജ്യങ്ങളില്‍ ഈ ചൈനീസ് വാഹനങ്ങള്‍ (Chinese Vehicles) സൂപ്പര്‍ഹിറ്റുകളുമാണ്.  

ഇതാ ചൈനീസ് കമ്പനിയുടെ നൂതനമായൊരു കോപ്പിയടി മോഡല്‍ പരിചയപ്പെടാം. മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്‍റെയും ബൊലേറോയുടെയും സമ്മിശ്ര രൂപമാണ്  BAIC BJ40 Plus എന്ന ഈ ചൈനീസ് എസ്‌യുവി. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍ക്കുന്ന ഥാറും ബൊലേറോയും ചേര്‍ത്തുവച്ച രൂപമാണ് BAIC BJ40 Plus എന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജിംഗ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി അഥവാ ബയാക്ക് എന്നറിയപ്പെടുന്ന ഈ കമ്പനിയാണ് ഈ മോഡലിന്‍റെ നിര്‍മ്മാതാക്കള്‍. ഈ വണ്ടിയുടെ  മുഖ്യ മാര്‍ക്കറ്റ് പാക്കിസ്ഥാനാണെന്നതാണ് മറ്റൊരു കൌതുകം. 

ജീപ്പിലേതിന് സമാനമാണ് ഈ മോഡലിന്‍റെ ഗ്രില്‍, ഹെഡ്‌ലാമ്പ് ഡിസൈന്‍. വശങ്ങളില്‍ നിന്നുള്ള ജീപ്പ് റാംഗ്ലറുമായുള്ള സാമ്യം ശ്രദ്ധേയമാണ്. അലോയ് വീല്‍ ഡിസൈന്‍ ഉള്‍പ്പടെ ജീപ്പ് വാഹനങ്ങളില്‍ കാണപ്പെടുന്നതിന് സമാനമാണ്. സാധാരണ ജീപ്പ് റാംഗ്ലറിനേക്കാള്‍ ചതുരാകൃതിയിലുള്ളതാണ് വീല്‍ ആര്‍ച്ചുകള്‍. റിയര്‍വ്യു മിററിന് പുറത്ത് പൂര്‍ത്തിയാക്കിയ ക്രോം മുന്‍ തലമുറ മഹീന്ദ്ര ഥാറില്‍ കണ്ടെത്തിയതിന് സമാനമാണ്. പിന്‍ഭാഗവും ഥാറുമായും ജീപ്പ് റാംഗ്ളറുമായും വളരെയധികം സാമ്യമുണ്ട്. ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗേറ്റ് രൂപകല്‍പ്പന, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ തുടങ്ങിയവയും ഥാറിന് സമാനമാണ്. വാഹനത്തിന്‍റെ ഹാര്‍ഡ്‍ടോപ്പ് മഹീന്ദ്ര ഥാര്‍, ജീപ്പ് റാംഗ്ലര്‍ എന്നിവ പോലെ നീക്കംചെയ്യാവുന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

2.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഇത് 250 bhp പവറും 350 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കും. ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 2.0 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമുണ്ട്. ഓഫ്-റോഡിംഗ് സമയത്ത് സഹായകമാകുന്ന ഡിഫറന്‍ഷ്യല്‍ ലോക്കുകളും വാഹനത്തില്‍ ഉണ്ട്.

അതേസമയം ഇതിലെ മറ്റൊരു കൌതുകം,  ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ഐക്കണിക്ക് അമേരിക്കന്‍ കമ്പനിയായ ജീപ്പും തമ്മിലുള്ള പകർപ്പവകാശ ലംഘനപ്രശ്‍നവും കഴിഞ്ഞകുറച്ചു കാലമായി വാഹന ലോകത്ത് സജീവ ചര്‍ച്ചാവിഷയമാണ് എന്നതാണ്. 2018ല്‍ അമേരിക്കന്‍ വിപണിയില്‍ മഹീന്ദ്ര അവതരിപ്പിച്ച റോക്സര്‍ ഇതേ കാരണത്താല്‍ കേസില്‍ കുടുങ്ങിയിരുന്നു. പിന്നാലെ ഇന്ത്യയിലെ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറും സമാനമായ കേസില്‍ കുടുങ്ങിയിരുന്നു.  ജീപ്പ് റാംഗ്ലറിന്റെ കോപ്പിയടിയാണ് ഥാർ എന്നും ഓസ്ട്രേലിയൻ വിപണിയിൽ വാഹനത്തെ ഇറക്കാൻ മഹീന്ദ്രയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ജീപ്പ് ഈ വര്‍ഷം മെയ് മാസത്തിലാണ് ഫെഡറൽ കോർട്ട് ഓഫ് ഓസ്ട്രേലിയയെ സമീപിച്ചത്. 

മഹീന്ദ്രയ്ക്കെതിരെ ഓസ്‍ട്രേലിയയിലെ ജീപ്പിന്‍റെ മാതൃ കമ്പനിയായ സ്റ്റെല്ലന്‍റിസ് ആയിരുന്നു കോടതിയില്‍ എത്തിയത്. ജീപ്പിന്‍റെ റാംഗ്ലര്‍ എസ്‌യുവിയുടെ രൂപകല്‍പ്പനയുമായി ഥാറിന് സാമ്യമുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കം തടയണമെന്നുമായിരുന്നു ജീപ്പ് ഉടമകള്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വാദിച്ചത്. ഈ വാദത്തിനിടെ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ നിലവിലെ ഥാര്‍ മോഡല്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ചൈനീസ് കോപ്പിയടിയെപ്പറ്റി പറയുകയാണെങ്കില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ടിവിഎസിന്‍റെ സെപ്പെലിൻ, സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണയുടെ വിറ്റ്‌പിലൻ, സ്വാർട്ട്‌പിലൻ തുടങ്ങിയവരായിരുന്നു ചൈനീസ് കോപ്പിയുടെ ഒടുവിലത്തെ ഇര. മുൻകാലങ്ങളിൽ, റോൾസ് റോയ്‌സ്, റേഞ്ച് റോവർ, പോർഷെ, ജീപ്പ്, മെഴ്‌സിഡസ്, ടെസ്‌ല തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ഉൽപ്പന്നങ്ങളുടെ കൃത്യമായ ചൈനീസ് രൂപങ്ങൾ ഉണ്ടായിട്ടുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ ഉൾപ്പെടെയുള്ള ജനപ്രിയ ഇരുചക്രവാഹനങ്ങളും ചൈനീസ് നിർമ്മാതാക്കൾ പകർത്തിയിട്ടുണ്ട്.
 

click me!