വരുമോ ഇല്ലയോ? വീണ്ടും ചര്‍ച്ചയായി ഇന്നോവയുടെ എതിരാളി, മൈലേജ് 174 കിമീ!

By Web TeamFirst Published May 21, 2021, 2:26 PM IST
Highlights

ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബെർലിംഗോ

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്‍റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കമ്പനിയുടെ രണ്ടാമത്തെ മോഡലും ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ടൊയോട്ട ഇന്നോവയ്ക്ക് എതിരാളിയാകുന്ന ബെർലിംഗോ എന്ന എംപിവിയുടെ പരീക്ഷണയോട്ടം രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുകയാണ് സിട്രോണ്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബെർലിംഗോ. വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പിന്റെ അവതരണത്തോടെയാണ് ബെര്‍ലിംഗോ വീണ്ടും വാഹനലോകത്തെ താരമാകുന്നത്. 

യു കെ വിപണിയില്‍ വാഹനത്തിന്‍റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി എന്ന് കാര്‍ നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ നിലവിൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിനുകളിൽ ഒരുപോലെ ലഭ്യമായ വിരലിൽ എണ്ണാവുന്ന എംയുവികളിൽ ഒന്നായി മാറിയിരിക്കുകയാണ് ബെര്‍ലിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  29000 പൗണ്ട് മുതൽ 32000 പൗണ്ട് വരെയാണ് ഇലക്ട്രിക്ക് ബെർലിംഗോയുടെ വിവിധ വകഭേദങ്ങളുടെ യുകെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 30 ലക്ഷം മുതൽ 35 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ആദ്യ ഘട്ടത്തിൽ കമ്പനി ഇലക്ട്രിക് ആക്കിയിരിക്കുന്നത് ബെർലിംഗോയുടെ യാത്രാവാഹന ശ്രേണിയെയാണ്. ഇലക്ട്രിക് വാഹനവും നിലവിലെ റഗുലര്‍ ബെർലിംഗോയുടെ ശൈലിയില്‍ അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങൾ പ്രത്യേകമായി തന്നെയാണു വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒരിക്കൽ ചാർജ് ചെയ്‍താൽ 174 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ ബെർലിംഗോയുടെ ഹൃദയം.  136 ബിഎച്ച്പി ആണു ഇലക്ട്രിക് ബെർലിങ്കോയുടെ കരുത്ത്. 260 ന്യൂട്ടൻമീറ്റർ ആണു കുതിപ്പുശേഷി. ഫാസ്റ്റ് ചാർജിങ്ങിൽ അര മണിക്കൂറിൽ താഴെ സമയം കൊണ്ട് 80 ശതമാനം ചാർജ് ആകുന്ന സംവിധാനവും ഇതിലുണ്ട്. വീട്ടിലെ പ്ലഗ്പോയിന്റിൽ നിന്ന് 8 മണിക്കൂർ കൊണ്ടു ഫുൾ ചാർജ് ആകും. ത്രീ ഫേസ് കണക്‌ഷനിൽ 4 മണിക്കൂർ കൊണ്ടു ചാർജ് ഫുൾ ആക്കാനുള്ള സംവിധാനവും ഉപഭോക്താക്കൾക്കു തിരഞ്ഞെടുക്കാമെന്നും സിട്രൻ വ്യക്തമാക്കിയിട്ടുണ്ട്. ബാറ്ററി ഉപയോഗം നിയന്ത്രിക്കാൻ ഇക്കോ, നോർമൽ, പവർ എന്നീ ഡ്രൈവ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

2020 ഓഗസ്റ്റിലാണ് ബെര്‍ലിങ്കോയുടെ ഇന്ത്യന്‍ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നത്. ടർബോ പെട്രോൾ എഞ്ചിനില്‍ ആയിരുന്നു വാഹനത്തിന്‍റെ ഈ പരീക്ഷണയോട്ടം. ബോക്‌സി ഡിസൈനുള്ള ഒരു യഥാർത്ഥ എംപിവി മോഡൽ ആണ് സിട്രോൺ ബെർലിങ്കോ. 4.4 മീറ്റർ നീളമുള്ള ബെർലിങ്കോ, 4.75 മീറ്റർ നീളമുള്ള ബെർലിങ്കോ എക്‌സ്എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആഗോള വിപണിയിൽ ബെർലിങ്കോയുള്ളത്. ഇതിൽ നീളം കൂടിയ മോഡൽ ആണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. പിന്നിലേക്കു ബോക്സി രൂപം ആണെങ്കിലും കാറിന്‍റെതിനു സമാനമായ മുൻവശം ബെർലിങ്കോയുടെ ഡിസൈൻ മികവാണ്. ഒപ്പം അത്യുഗ്രൻ ബോഡി ഗ്രാഫിക്സും 17 ഇഞ്ച് അലോയ് വീലുകളും ഉയർന്ന നിലവാരമുള്ള ഉൾവശവും വലിയ ടച്ച് സ്ക്രീൻ സംവിധാനവും ആംബിയന്റ് ലൈറ്റിങ്ങും എല്ലാം ഫുൾ ഓപ്ഷൻ ബെർലിംഗോയിലുണ്ടാകും.  ഇന്ത്യയില്‍ എത്തുമ്പോള്‍ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വാഹനത്തിന്‍റെ ഹൃദയം. 

അതേസമയം ബെർലിംഗോ എംപിവിയുടെ ഇന്ത്യന്‍ പ്രവേശനം സിട്രോൺ ഔദ്യോഗിമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ നിരത്തില്‍ എത്തിയാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആയിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!