രണ്ടാമത്തെ മോഡലുമായി സിട്രോണ്‍, പരീക്ഷണയോട്ടം തുടങ്ങി

By Web TeamFirst Published Mar 11, 2021, 8:56 PM IST
Highlights

സി5 എയര്‍ക്രോസ് നിരത്തുകളില്‍ എത്തി അധികം വൈകാതെ തന്നെ സി3 യും നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന...

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍  ഇന്ത്യന്‍ വിപണിയിൽ പുതിയ താരത്തെ പുറത്തിറക്കാനുള്ള നീക്കത്തിലാണ്.  സി5 എയര്‍ക്രോസ് എന്ന എസ്‌യുവിയുടെ ബുക്കിംഗും കമ്പനി  ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സിട്രോണിന്റെ പുതിയ ഒരു വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നു.

കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് സിട്രോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സി3 എയര്‍ക്രോസ് എസ്.യു.വിയാണ് പരീക്ഷണയോട്ടം നടത്തുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്‌നൗവില്‍ പരീക്ഷണയോട്ടം നടത്തുന്ന സി3-യുടെ ചിത്രങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സി3-ക്ക് 4154 എം.എം. നീളവും 1756 എം.എം. വീതിയും 1637 എം.എം. ഉയരവുമായിരിക്കും ഉള്ളത്. റിപ്പോർട്ട് അനുസരിച്ചു ഈ വാഹനം സിട്രോണ്‍ സി.സി.21 എന്ന കോഡ്‌നാമത്തിലായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, മികച്ച അലോയി വീലുകള്‍, ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ എന്നിവയാണ് എക്സ്റ്റീരിയറിൽ ഉള്ളത്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ലഭിക്കുക എന്നും റിപ്പോർട്ടുണ്ട്.

സി5 എയര്‍ക്രോസ് നിരത്തുകളില്‍ എത്തി അധികം വൈകാതെ തന്നെ സി3 യും നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് സൂചന. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചായിരിക്കും സി3 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുക. അതേസമയം സി5 എയര്‍ക്രോസ് എസ്‌യുവിയുടെ നിർമാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു.  

click me!