
ഇന്ത്യയിൽ പുറത്തിറങ്ങിയതുമുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. പ്രീമിയം പാസഞ്ചർ വാഹനങ്ങൾക്കായിട്ടുള്ള മാരുതിയുടെ നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയാണ് ഈ പ്രീമിയം ഹാച്ച്ബാക്ക് വിൽക്കുന്നത്. എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതി ഹാച്ച്ബാക്കുകളുടെ ആവശ്യകതയിലും വിൽപ്പനയിലും ഇടിവിന് കാരണമായെങ്കിലും, മാരുതി സുസുക്കി ബലേനോ പോലുള്ള പ്രീമിയം ഹാച്ച്ബാക്കുകൾ അവയുടെ ആകർഷണം നിലനിർത്തിയിട്ടുണ്ട്.
2023-ൽ, മാരുതി സുസുക്കി ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവറായ ഫ്രോങ്ക്‌സിനെ പുറത്തിറക്കി. യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡ് മുതലെടുക്കുക എന്നതായിരുന്നു ഫ്രോങ്ക്‌സിനെ പുറത്തിറക്കിയതിന് പിന്നിലെ കമ്പനിയുടെ പദ്ധതി. നെക്‌സ നെറ്റ്‌വർക്ക് വഴിയും ഈ ക്രോസ്ഓവർ വിൽക്കപ്പെടുന്നു. എഞ്ചിൻ, പ്രകടനം, ഇന്ധനക്ഷമത എന്നിവയിൽ മാരുതി ഫ്രോങ്ക്‌സും മാരുതി ബലേനോയും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം.
ബലേനോയെക്കുറിച്ച് പറയുകയാണെങ്കിൽ, സിഎൻജി ഓപ്ഷനുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്ത് പകരുന്നത്. പെട്രോൾ-ഒൺലി വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് എഎംടിയും ഉണ്ട്. പെട്രോൾ-സിഎൻജി വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഈ എഞ്ചിൻ പെട്രോൾ മോഡിൽ 88 ബിഎച്ച്പി പവറും സിഎൻജി മോഡിൽ 76 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ പരമാവധി 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത്, മാരുതി സുസുക്കി ഫ്രോൺക്സിനും ഇതേ 1.2 ലിറ്റർ എഞ്ചിനും സിഎൻജി കിറ്റ് ഓപ്ഷനുമുണ്ട്. ഈ ക്രോസ്ഓവറിൽ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്.
ട്രാൻസ്മിഷൻ ഓപ്ഷനുകളും സമാനമാണ്. ഈ എഞ്ചിന്റെ പവർ, ടോർക്ക് സ്പെസിഫിക്കേഷനുകൾ ഫ്രോങ്ക്സിൽ കാണപ്പെടുന്നതിന് സമാനമാണ്. വ്യത്യാസം ഫ്രോങ്ക്സിൽ ലഭ്യമായ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. ഈ എഞ്ചിൻ പരമാവധി 98.6 bhp പവറും 147.6 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
മൈലേജിന്റെ കാര്യത്തിൽ, ബലേനോ പെട്രോൾ മാനുവൽ (MT) 22.35 കിലോമീറ്റർ/ലിറ്ററും പെട്രോൾ എഎംടി പെട്രോൾ 22.94 കിലോമീറ്റർ/ലിറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. സിഎൻജി വേരിയന്റ് 30.61 കിലോമീറ്റർ/കിലോഗ്രാം മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഫ്രോങ്ക്സ് മാനുവൽ വേരിയന്റിൽ 21.5 കിലോമീറ്റർ/ലിറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ 20.01 കിലോമീറ്റർ/ലിറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. സിഎൻജി വേരിയന്റ് 28.51 കിലോമീറ്റർ/കി.ഗ്രാം മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഫ്രോങ്ക്സിന്റെ ഭാരം കൂടിയതാണ് ഈ നേരിയ മൈലേജ് കുറയാൻ കാരണം.
മാരുതി സുസുക്കി ബലേനോയ്ക്ക് 5.99 ലക്ഷം മുതൽ 9.10 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. മാരുതി സുസുക്കി ഫ്രോങ്ക്സിന് 6.85 ലക്ഷം മുതൽ 11.98 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. അതായത് മാരുതി സുസുക്കി ബലേനോയ്ക്ക് ഫ്രോങ്ക്സിനെക്കാൾ താങ്ങാനാവുന്ന വിലയാണ്.