സൈറസ് മിസ്‍ത്രി പറന്നത് സുരക്ഷയില്‍ മുമ്പനായ ബെൻസ് ജിഎല്‍സില്‍; എന്നിട്ടും മരണം, സംഭവിച്ചത് എങ്ങനെ.!

By Web TeamFirst Published Sep 5, 2022, 11:35 AM IST
Highlights

ജര്‍മ്മൻ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിനാണ് ഈ അപകടം ഏറ്റവും വലിയ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം, ഈ നിർഭാഗ്യകരമായ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർത്തുകയും യൂറോപ്യൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (യൂറോ NCAP) പോലുള്ള കാർ സുരക്ഷാ പരിശോധനയുടെ ആധികാരികതയെപ്പോലും സംശയത്തിലാക്കുകയും ചെയ്യുന്നു.

വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രിയുടെ അപകടമരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വാഹനലോകം പെട്ടെന്നൊന്നും മോചിതരാകാന്‍ ഇടയില്ല. പ്രത്യേകിച്ചും ജര്‍മ്മൻ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിനാണ് ഈ അപകടം ഏറ്റവും വലിയ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. ഒപ്പം, ഈ നിർഭാഗ്യകരമായ സംഭവം റോഡ് സുരക്ഷയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർത്തുകയും യൂറോപ്യൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (യൂറോ NCAP) പോലുള്ള കാർ സുരക്ഷാ പരിശോധനയുടെ ആധികാരികതയെപ്പോലും സംശയത്തിലാക്കുകയും ചെയ്യുന്നു.

ബെൻസ് ജിഎല്‍സി എന്നാല്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന ബ്രാന്‍ഡുകളില്‍ ഒന്നായാണ് മെഴ്‍സിഡസ് ബെൻസ് മോഡലുകള്‍ അറിയപ്പെടുന്നത്. മെഴ്‍സിഡസ് ബെൻസിന്റെ ജിഎല്‍സി എസ്‍യുവിയിലാണ് അപകട സമയത്ത് മിസ്‍ത്രി സഞ്ചരിച്ചിരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആഡംബര ബ്രാൻഡിന്റെ മോഡലുകളില്‍ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജിഎല്‍സി എസ്‌യുവി. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‍ചയും ഇല്ലാത്ത കാറാണ് ജിഎല്‍സി എസ്‍യുവി. ആന്റി ലോക്ക് ബ്രേക്ക് മുതൽ സ്റ്റെബിലിറ്റി കൺട്രോളും മുട്ടിനും തലക്കും സുരക്ഷ നൽകുന്ന എയർബാഗുകൾവരെ വാഹനത്തിലുണ്ട്.  ഏകേദേശം 70 ലക്ഷം രൂപയ്ക്ക് മുകളിൽ എക്സ് ഷോറൂം വില വരുന്ന ബെൻസ് ജിഎല്‍സിക്ക് യുറോ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയർന്ന മാര്‍ക്കായ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിരുന്നു.

മെഴ്‍സിഡസ് ബെൻസിന്‍റെ എംആര്‍എ വാസ്‍തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിഎല്‍സി. ഗ്ലോബൽ NCAP വിവിധ രീതികളില്‍ കാറുകൾ പരീക്ഷിക്കുകയും സുരക്ഷയിൽ പ്രാഥമികമായി അഞ്ച് നക്ഷത്രങ്ങള്‍ നൽകുകയും ചെയ്‍തു. ഏഴ് എയർബാഗുകൾ, ക്രോസ്‌വിൻഡ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ്, അറ്റൻഷൻ അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്ക് ലൈറ്റുകൾ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, മെഴ്‌സിഡസിന്റെ പ്രീ-സേഫ് ഒക്യുപന്റ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയവ കാറിന്റെ മറ്റ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബെൻസ് ജിഎല്‍സിയുടെ ഹൃദയം. 192 bhp കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കും. രണ്ട് എഞ്ചിനുകളും 9 G-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ചേർത്തുവയ്ക്കുന്നു. ഡീസലിന് 4 മാറ്റിക് AWD-യും നൽകുന്നു.

മിസ്ത്രിക്ക് സംഭവിച്ചത്

എന്നാൽ അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നതോടെയാണ് സൈറസ് മിസ്ത്രിക്ക് മാരകമായ പരിക്കുകൾ ഏറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പിൻ വശത്താണ് മിസ്ത്രി ഉണ്ടായിരുന്നത്. ഫ്രണ്ട്-ഇംപാക്ട് എയർബാഗ്, സൈഡ് ഇംപാക്ട് എയർബാഗ്, ഓവർഹെഡ് എയർബാഗുകൾ, നീ എയർബാഗുകൾ എന്നിവയും വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തിൽപെട്ട ബെൻസ് ജിഎല്‍സിയിലെ ഈ എയർബാഗുകൾ എല്ലാം തുറന്ന നിലയും ആയിരുന്നു. എന്നാൽ അപകടത്തിന്റെ ആഘാതം ഈ സുരക്ഷാ സംവിധാനങ്ങള്‍ക്ക് തടയാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു എന്നു വേണം കരുതാൻ. അതേസമയം അപകടങ്ങളില്‍ പരമാവധി സുരക്ഷ ഉറപ്പാക്കാൻ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

വര്‍ദ്ധിക്കുന്ന അപകടങ്ങള്‍, പിഴയ്ക്കുന്ന സുരക്ഷ

കഴിഞ്ഞ വർഷം ഇന്ത്യയിൽ റോഡപകടങ്ങളിൽ 1.55 ലക്ഷത്തിലധികം ജീവനുകൾ നഷ്‍ടപ്പെട്ടു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം. അതയാത് പ്രതിദിനം ശരാശരി 426 അല്ലെങ്കിൽ ഓരോ മണിക്കൂറിലും 18 എന്നാണ് കണക്കുകള്‍. ഇത് ഇതുവരെയുള്ള ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്.

യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 2022 ഒക്‌ടോബർ മുതൽ എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകുന്നത് കാർ നിർമ്മാതാക്കൾക്ക് നിർബന്ധമാക്കുമെന്ന് ഈ വർഷം ആദ്യം റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ചെലവ് കൂടും എന്നാരോപിച്ച് ഇതിനെതിരെ മാരുതി ഉള്‍പ്പെടെയുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നതും വാര്‍ത്തയായിരുന്നു.

അടുത്തിടെയാണ് ഗ്ലോബൽ എൻസിഎപി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളുടെ പട്ടിക പുറത്തുവിട്ടത്. ഇതനുസരിച്ച് പാസഞ്ചർ കാറുകളിൽ മഹീന്ദ്ര XUV700 എസ്‌യുവി, ടാറ്റ പഞ്ച്, ഹോണ്ട സിറ്റി തുടങ്ങിയവ ഇന്ത്യൻ റോഡുകളിലെ ഏറ്റവും സുരക്ഷിതമായ കാറുകളായി കണക്കാക്കപ്പെടുന്നു. എങ്കിലും വാഹനലോകത്തെ പ്രമുഖന്‍റെ തന്നെ ജീവനെടുത്ത റോഡപകടം ഈ സുരക്ഷാ പരിശോധനയെയാകെ കൂടുതല്‍ ശക്തമാക്കേണ്ടതിന്‍റെ സൂചനയാണ് നല്‍കുന്നത്. 

സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

സൈറസ് മിസ്‍ത്രി മരണപ്പെട്ട കാര്‍ അപകടം; കാര്‍ ഓടിച്ചത് വനിതാ ഡോക്ടർ; അപകടം ഉണ്ടായത് ഇങ്ങനെ.!

click me!