Asianet News MalayalamAsianet News Malayalam

സൈറസ് മിസ്‍ത്രി മരണപ്പെട്ട കാര്‍ അപകടം; കാര്‍ ഓടിച്ചത് വനിതാ ഡോക്ടർ; അപകടം ഉണ്ടായത് ഇങ്ങനെ.!

ടാറ്റാ മോട്ടോഴ്‍സിനെ രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാണ കമ്പനിയാക്കുന്നതില്‍‌ മുഖ്യ പങ്കുവഹിച്ച, ടാറ്റയില്‍ സുരക്ഷാ വിപ്ലവം കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളായിരുന്ന സൈറസ് മിസ്‍ത്രിയുടെ ജീവന്‍ ഒരു റോഡ് അപകടത്തില്‍ത്തന്നെ പൊലിഞ്ഞതിന്‍റെ ഞെട്ടലിലാണ് വാഹന ലോകവും വ്യവസായലോകവും.  
 

Former Tata Sons chairman Cyrus Mistry, 54, dies in road accident near Mumbai
Author
First Published Sep 5, 2022, 9:11 AM IST

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിന്‍റെ ഞെട്ടലിലാണ് വ്യവസായ ലോകം. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലായിരുന്നു അപകടം അപകടം നടന്നത്. ഗുജറാത്തിൽനിന്ന് തന്റെ മെഴ്സിഡസ് ബെൻസ് എസ്.യു.വി കാറിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ടാറ്റാ മോട്ടോഴ്‍സിനെ രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാണ കമ്പനിയാക്കുന്നതില്‍‌ മുഖ്യ പങ്കുവഹിച്ച, ടാറ്റയില്‍ സുരക്ഷാ വിപ്ലവം കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആളായിരുന്ന സൈറസ് മിസ്‍ത്രിയുടെ ജീവന്‍ ഒരു റോഡ് അപകടത്തില്‍ത്തന്നെ പൊലിഞ്ഞതിന്‍റെ ഞെട്ടലിലാണ് വാഹന ലോകവും വ്യവസായലോകവും.  

ടാറ്റയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന പല്ലന്‍ജി മിസ്ത്രിയുടെ ഇളയ മകനാണ് സൈറസ് മിസ്ത്രി. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള എസ്പി ഗ്രൂപ്പിനാണ്. 2006-മുതല്‍ അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്നു മിസ്‍ത്രി. തികച്ചും നാടകീയമായിട്ടാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മിസ്ത്രിയുടെ വരവ്.

2011-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി സൈറസ് ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം രത്തന്‍ ടാറ്റ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗമായാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.  2012-ല്‍  തനിക്ക് 75 വയസ്സ് പിന്നിട്ടപ്പോള്‍ രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ നേരത്തെ കണക്കുകൂട്ടിയ പോലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മാറി സൈറസ് മിസ്ത്രി. 142 വര്‍ഷത്തെ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള രണ്ടാമത്തെ മേധാവിയായിരുന്നു മിസ്ത്രി. എന്നാല്‍ അതിന് വെറും നാല് വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ടാറ്റയുടെ സുരക്ഷാ വിപ്ലവം

കുറഞ്ഞ കാലം മാത്രം ടാറ്റ സൺസ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയുടെ കാലത്താണ് ടാറ്റാ മോട്ടോഴ്‍സിന്‍റെ തലവര തെളിഞ്ഞു തുടങ്ങിയത്. അത്രകാലവും ഉണ്ടായിരുന്ന ടാറ്റയുടെ വാഹന നിരയെ ഉടച്ചു വാര്‍ത്ത മുഖ്യശില്‍പ്പി സൈറസ് മിസ്‍ത്രി ആയിരുന്നു. അദ്ദേഹമാണ് അക്ഷാര്‍ര്‍ത്ഥത്തില്‍ ടാറ്റായുടെ സുരക്ഷാ വിപ്ലവത്തിന് തിരികൊളുത്തിയത്.

സൈറസ് മിസ്ത്രിയുടെ കാലത്താണ് ടാറ്റ സെസ്റ്റ്, ബോൾട്ട് എന്നീ മോഡലുകൾ പുറത്തിറക്കിയത്. ടാറ്റ മോട്ടോഴ്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ധാരണകൾ ഈ മോഡലുകളാണ് മാറ്റാൻ തുടങ്ങി. 2016ൽ ഗ്ലോബൽ എൻ‌.സി.‌എ‌.പി ക്രാഷ് ടെസ്റ്റിൽ ടാറ്റ സെസ്റ്റിന് നാല് സ്റ്റാറുകള്‍ ലഭിച്ചു. ഇവിടെ നിന്നാണ് സുരക്ഷിത വാഹനങ്ങൾ എന്ന സ്വപ്‍നത്തിലേക്ക് ടാറ്റ കുതിച്ചത്. സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ നേടിയ ടാറ്റ നെക്സോണ്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകള്‍ക്ക് വഴിയൊരുക്കിയതും മിസ്‍ത്രിയുടെ പരിഷ്‍കാരങ്ങളാണ്. നിലവിൽ രാജ്യത്തെ ഏറ്റവും സുരക്ഷിത ചെറു കാറുകൾ നിർമിക്കുന്നത് ടാറ്റയാണ്.

ടാറ്റയില്‍ നിന്നും പുറത്തേക്ക്

2016 ഒക്ടോബറില്‍ ആണ് സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നാടകീയമായി പുറത്താക്കുന്നത്. രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു മുഖ്യകാരണം. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചു. ഓഹരി ഉടമകളെ അടിച്ചമര്‍ത്തുന്നുവെന്നും അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടുപിന്നാലെ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. അസാധാരണ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്തായിരുന്നു മിസ്ത്രിയെ പുറത്താക്കിയത്. പല നാളുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ മിസ്ത്രിയെ പുറത്താക്കിയ ഈ നടപടി സുപ്രീംകോടതിയും ശരിവച്ചു.

കാറോടിച്ചത് വനിതാ ഡോക്ടർ, ഓവർടേക്കിനിടെ അപകടം

അതേസമയം സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. മിസ്ത്രി സഞ്ചരിച്ചിരുന്ന വാഹനം സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറിലിടിച്ചായിരുന്നു അപകടം. കാർ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് കാർ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.  

സൈറസ് മിസ്ത്രി (54), ഡോ.അനഹിത പണ്ടോളെ (55), ഭർത്താവ് ഡാരിയസ് പണ്ടോളെ (60), ഇദ്ദേഹത്തിന്റെ സഹോദരൻ ജഹാംഗിർ പണ്ടോളെ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇവര്‍ ഗുജറാത്തിലെ ഉദ്വാദയിലുള്ള പാഴ്‌സി ക്ഷേത്രമായ അതാഷ് ബെഹ്‌റാം അഗ്നി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നതായാണ് വിവരം. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മുംബൈയിൽനിന്ന് 120 കിലോമീറ്റർ അകലെ പാൽഘറിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. പരുക്കേറ്റ അനഹിതയും ഭർത്താവും ചികിത്സയിലാണ്.

അന്വേഷണം

മിസ്ത്രിയുടെ അപകടമരണത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പൊലീസ് മേധാവിക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി. അപകട മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.
 

Follow Us:
Download App:
  • android
  • ios