"15 ലക്ഷം മുടക്കാമെങ്കില്‍ സബ്‍സിഡിയും വേണ്ട.." ഈ വണ്ടികള്‍ക്കുള്ള സബ്‌സിഡി പിന്‍വലിച്ച് ദില്ലി!

By Web TeamFirst Published Nov 3, 2021, 2:07 PM IST
Highlights

ഇലക്ട്രിക്ക് വാഹന രജിസ്ട്രേഷന്‍ കുത്തനെ വർധിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള സബ്‌സിഡികൾ പിൻവലിച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍ (Delhi Government) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ (Electric Vehicles) വന്‍ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. കുതിച്ചുയരുന്ന പരമ്പരാഗത ഇന്ധന വിലയ്ക്കൊപ്പം കേന്ദ്രത്തിന്‍റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും സബ്‍സിഡികള്‍ കൂടിയായതോടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഈ മേഖലയിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. പുതിയ നിരവധി കമ്പനികളും ഇക്കാലത്ത് അരങ്ങിലെത്തി. 

എന്നാല്‍ ഇലക്ട്രിക്ക് വാഹന രജിസ്ട്രേഷന്‍ കുത്തനെ വർധിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള സബ്‌സിഡികൾ പിൻവലിച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍ (Delhi Government) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള സബ്‌സിഡി പദ്ധതി ഇനി നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. ദില്ലിയുടെ ഇലക്ട്രിക് വാഹന നയത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു ഈ സബ്‍സിഡി. 

കഴിഞ്ഞ വർഷം ആദ്യം ആരംഭിച്ച സംസ്ഥാനത്തിന്റെ ഇവി പോളിസി അനുസരിച്ച്, ദേശീയ തലസ്ഥാനത്ത് വാങ്ങുന്ന ആദ്യത്തെ ആയിരം ഇലക്ട്രിക് കാറുകൾക്ക് ഡൽഹി സബ്‌സിഡി വാഗ്ദാനം ചെയ്‍തിരുന്നു.  ഒരു കിലോവാട്ട് അവര്‍( KWh) ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ നിരക്കില്‍ ഒന്നര ലക്ഷം രൂപവരെയാണ് ഇ- കാറുകള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നത്.  ഈ വാഹനങ്ങളുടെ റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവയും ഒഴിവാക്കിയിരുന്നു. 

ഇലക്‌ട്രിക് കാർ വിഭാഗത്തിന് ദില്ലിയിൽ ആവശ്യമായ മുന്നേറ്റം ലഭിച്ചെന്ന് കൈലാഷ് ഗഹ്‌ലോട്ടിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള 10 ദശലക്ഷത്തിലധികം വാഹനങ്ങളുടെ ഒരു പ്രധാന ഭാഗമായതിനാൽ ചരക്ക്, പൊതുഗതാഗത വിഭാഗങ്ങള്‍ കൂടി വൈദ്യുതവല്‍ക്കുക എന്നതാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും സ്വകാര്യ കാറുകളെ അപേക്ഷിച്ച് അവ റോഡിൽ കൂടുതൽ ഓടുകയും അതുവഴി കൂടുതൽ മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.  15 ലക്ഷം രൂപ മുടക്കി ഇ-കാറുകള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ഇല്ലെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്നും ഏറ്റവും യോഗ്യരായവര്‍ക്ക് സബ്‌സിഡി നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറയുന്നു.   ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് ₹5,000 ആണ് സബ്‌സിഡി തുക. ഒരു വാഹനത്തിന് പരമാവധി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ദില്ലിയിൽ രജിസ്റ്റർ ചെയ്ത 1.5 ലക്ഷം വാഹനങ്ങളിൽ 7,869 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് കണക്കുകള്‍. ഇത് മൊത്തം വാഹനങ്ങളുടെ ഏഴ് ശതമാനമാണ്. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 22,805 ഇലക്ട്രിക് വാഹനങ്ങളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്‍തത്. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടെ ഡൽഹിയുടെ ഇവി രജിസ്ട്രേഷൻ 31,000 ആയി.

“യഥാർത്ഥത്തിൽ, ഇ-കാറുകൾക്ക് സബ്‌സിഡി ആവശ്യമില്ല, കാരണം ഒരു വാഹനത്തിന് ഏകദേശം 15 ലക്ഷം രൂപ നൽകാൻ കഴിയുന്നവർ സബ്‌സിഡി കൂടാതെ 1-2 ലക്ഷം രൂപ കൂടുതലാണെങ്കിൽ അത് കാര്യമാക്കുന്നില്ല. ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് സബ്‌സിഡി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അവരിൽ ഓട്ടോ ഡ്രൈവർമാർ, ഇരുചക്രവാഹന ഉടമകൾ, ഡെലിവറി പങ്കാളികൾ തുടങ്ങിയവർ ഉൾപ്പെടുന്നു,” ഗഹ്‌ലോട്ടിനെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ പറയുന്നു. 

"ഞങ്ങളുടെ ഇലക്‌ട്രിക് വാഹന നയത്തിന്റെ നല്ല ഫലങ്ങൾ ഞങ്ങൾ കാണുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാഴ്‍ചപ്പാടനുസരിച്ച് ദില്ലിയെ രാജ്യത്തിന്റെ ഇലക്ട്രിക് വാഹന തലസ്ഥാനമാക്കുക എന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.. " ഗഹ്‌ലോട്ട് കൂട്ടിച്ചേർക്കുന്നു. 

2020 ഓഗസ്റ്റിലാണ് ഡൽഹി സർക്കാർ ഇലക്ട്രിക് വാഹന നയം ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ആദ്യത്തെ സമ്പൂർണ ഇവി പോളിസികളിലൊന്നായിരുന്നു ഇത്.

 

click me!